kozhikode local

പോക്കര്‍ ഹാജിക്ക് ഔഷധച്ചെടികള്‍ ജീവനു തുല്യം; പുതുതലമുറയ്ക്ക് മാതൃകയാവുന്നു

കുറ്റിയാടി: ഔഷധച്ചെടികളെ ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രവാസിയുടെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാവുന്നു. തൊട്ടില്‍പ്പാലം ദേവര്‍ കോവിലെ 66 കാരനായ മണിയലംകണ്ടി പോക്കര്‍ ഹാജിയാണ് ഔഷധച്ചെടികളെ പരിപാലിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ചത്.
1995 മുതലാണ് ഇദ്ദേഹം ഔഷധ സസ്യപരിപാലനത്തില്‍ വ്യാപൃതനായത്. വീടിനോട് ചേര്‍ന്ന 25 സെന്റ് സ്ഥലത്താണ് വ്യത്യസ്തയിനത്തില്‍പ്പെട്ട 300 ലധികം ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തുന്നത്. ചുമ മുതല്‍ ക്യാന്‍സര്‍ രോഗത്തിന്റെ ചികില്‍സയ്ക്ക് വരെ ഉപയോഗിക്കുന്ന വിവിധയിനം ചെടികള്‍ ഇവിടെയുണ്ട്. തോട്ടം കാണാനും പഠിക്കാനും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ നിത്യവും ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. മുഞ്ഞ, ഇരുവേരി, മുറി കൂട്ടി, ചെറി പൂള, തൈ താമ ,കീഴാര്‍ നെല്ലി, എരുക്ക് പൂവാംകുറുന്തല്‍ , ആടലോടകം, വെങ്കുന്നി, വാതം കൊല്ലി, കച്ചോ ലം, നിലപ്പന എന്നിവയ്ക്ക് പുറമെ അപൂര്‍വയിനം ഔഷധച്ചെടികളായ സര്‍വ സുഗന്ധി തുടങ്ങിയവയും ധാരാളമായി വളരുന്നു.
പ്രശസ്ത നാട്ടുവൈദ്യനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹംസ മടിക്കൈയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പോക്കര്‍ ഹാജി ഔഷധ പരിപാലനത്തിന് തുടക്കമിട്ടത്. രണ്ട് തവണ ഹൃദയ ശസ്ത്രക്രിയയും ഒരു തവണ കിഡ്‌നി ഓപ്പറേഷനും കഴിഞ്ഞ പോക്കര്‍ ഹാജി വാര്‍ധക്യ സഹജമായ സാഹചര്യത്തിലും ഔഷധച്ചെടികളെ ജീവനുതുല്യം സ്‌നേഹിക്കുന്നു. ഭാര്യ ബീയ്യ ഉമ്മയും മരുമക്കളും പേരക്കുട്ടികളും സഹായികളായി ഒപ്പമുണ്ട്.


Next Story

RELATED STORIES

Share it