malappuram local

പൊന്നാനി എംഇഎസിലെ വിദ്യാര്‍ഥി സമരം : കോടതിയലക്ഷ്യ ഹരജി കോളജ് മാനേജ്‌മെന്റ് പിന്‍വലിച്ചു



പൊന്നാനി: പൊന്നാനി എംഇഎസ് കോളജില്‍ മതിയായ സംരക്ഷണം നല്‍കാന്‍ തയ്യാറാവാതിരുന്ന പൊന്നാനി പോലിസിനെതിരേ മാനേജ്‌മെന്റ് നല്‍കിയ കോടതിയലക്ഷ്യ ഹരജി പിന്‍വലിച്ചു. കോളജിന് സംരക്ഷണം നല്‍കാന്‍ പോലിസ് വൈകിയാണെങ്കിലും തയ്യാറായതോടെയാണ് ഹരജി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്. ഹരജി പിന്‍വലിച്ചതോടെ കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായെന്നതരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കാംപസ് രാഷ്ട്രീയം ചോദ്യം ചെയ്തുള്ള ഹരജി പിന്‍വലിക്കാത്തതിനാല്‍ ഇത്തരമൊരു പ്രചാരണം ദുഷ്ടലാക്കോടെയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പൊന്നാനി എംഇഎസ് കോളജ് മാനേജ്‌മെന്റ് കാംപസ് രാഷ്ട്രീയം ചോദ്യം ചെയ്തുള്ള ഹരജി പിന്‍വലിച്ചതായാണ് ഇടതുപക്ഷ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. എംഇഎസ് കോളജില്‍ സമരംമൂലം ക്ലാസ് മുടങ്ങരുതെന്ന ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോളജ് അധികൃതര്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, പൊന്നാനി പോലിസ് തെറ്റുതിരുത്തി കോളജിന് മതിയായ സംരക്ഷണം നല്‍കാന്‍ തയ്യാറാവുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നാണ് എംഇഎസ് നല്‍കിയ ഹരജിയില്‍  ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്, ഇത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയലക്ഷ്യ ഹരജി പിന്‍വലിച്ചപ്പോള്‍ ഈ നിരീക്ഷണങ്ങളെല്ലാം അസാധുവായെന്നാണ് ഇടതു കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it