malappuram local

പൊതുസ്ഥലളില്‍ മാലിന്യം തള്ളിയാല്‍ 5000 രൂപ പിഴ



പൊന്നാനി:  മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് പൊന്നാനി നഗരസഭ. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നവരെ പൊതുജന പങ്കാളിത്തത്തോടെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. ഇത്തരത്തില്‍ കണ്ടത്തുന്നവരില്‍ നിന്നും അയ്യായിരം രൂപ പിഴ ഈടാക്കാന്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ തീരുമാനമായി. ഇത്തരക്കാരെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് 2500 രൂപ ഇനാം നല്കാനും തീരുമാനമായി. നഗരസഭ പരിധിയില്‍ ആരെങ്കിലും പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടാല്‍ ഫോട്ടോ എടുത്ത് രേഖാ മൂലം നഗരസഭയില്‍ അറിയിക്കുന്നവര്‍ക്കാണ് നഗരസഭ പാരിദോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ പൊതുബോധം ഉണ്ടാക്കാന്‍ കൂടിയാണ് നഗരസഭ ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്.മാലിന്യം നിയന്ത്രിക്കുന്നതിന് നിരവധി പരിപാടികളാണ് നഗരസഭ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജൈവ മാലിന്യം ഉറവിടത്തില്‍  തന്നെ സംസ്‌കരിക്കാനായി നഗരസഭ പൈപ്പ് കമ്പോസ്റ്റുകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. ബാക്കി വരുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നഗരസഭ പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കുന്ന കൗണ്ടര്‍ കഴിഞ്ഞ ദിവസം നഗരസഭാ ഓഫിസില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. രാവിലെ 10 മണി മുതല്‍ 5 മണി വരെ പൊതുജനങ്ങള്‍ക്ക് പ്ലാസ്റ്റിക് നേരിട്ട് കൗണ്ടറില്‍ ഏല്‍പ്പിക്കാം. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ച് ബാക്കി വരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വാര്‍ഡുകളില്‍ പോയി ശേഖരിക്കാനും നഗരസഭ പ്രത്യേക ജീവനക്കാരെ നിയോഗിച്ചിരുന്നു. ഇത്തരത്തില്‍  ശേഖരിച്ച  എട്ട് ടണിലധികം പ്ലാസ്റ്റിക്കുകള്‍ റീസൈക്ലിങ് കേന്ദ്രത്തിലേക്ക്  മാറ്റി. ഇനിയും പ്ലാസ്റ്റിക്ക് മാലിന്യം അടക്കമുള്ളവ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണത തടയാനാണ് നഗരസഭ പിഴ  ഈടാക്കാനുള്ള നടപടിയുമായി മുന്നിട്ടിറങ്ങുന്നത്. പിഴയുടെ പകുതി ഇനാം പ്രഖ്യാപിക്കുന്നതിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് നഗരസഭ. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ ഒറ്റക്കെട്ടായാണ് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനുള്ള തീരുമാനം അംഗീകരിച്ചത്.
Next Story

RELATED STORIES

Share it