Flash News

പൊതുമാപ്പ്: യുഎഇയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബൂദബി: നിയമവിരുദ്ധമായി രാജ്യത്തു കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്കു പിഴയോ, ശിക്ഷയോ കൂടാതെ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുന്ന പൊതുമാപ്പിനുള്ള ഒരുക്കങ്ങള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അടുത്ത മാസം ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള മൂന്നു മാസത്തിനകം നാടുവിടുന്നവര്‍ക്കു പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ടാവും. ഇതിനായി ദുബയിലെ അവീറിലുള്ള പ്രധാനപ്പെട്ട എമിഗ്രേഷന് സമീപം നിയമവിരുദ്ധ തൊഴിലാളികളെ സഹായിക്കാനായി ഇന്ത്യ, ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍, എത്യോപ്യ, ഫിലിപ്പീന്‍, കെനിയ, ശ്രീലങ്ക, ഇന്ത്യോനീസ്യ തുടങ്ങിയ രാജ്യങ്ങളുടെ കൗണ്ടറുകളും പ്രവര്‍ത്തിക്കും.
അബൂദബി, ദുബയ്, ഷാര്‍ജ, റാസല്‍ ഖൈമ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ ഞായര്‍ മുതല്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിയമ ലംഘകരായ വിദേശികള്‍ താമസം നിയമവിധേയമാക്കി പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാല്‍ 500 ദിര്‍ഹം ഫീസടച്ച് രാജ്യത്തിനകത്തു നിന്നു പുറത്തുപോവാതെ തന്നെ യുഎഇയില്‍ നിയമവിധേയമായി കഴിയാം. വിസാ കാലാവധി കഴിഞ്ഞവര്‍ക്കും ഒളിച്ചോടിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.
പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഇല്ലാത്തവര്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് വാങ്ങിയാണ് എമിഗ്രേഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ രേഖകളില്‍ നിന്നും ഇതു നീക്കം ചെയ്യാന്‍ 500 ദിര്‍ഹം നല്‍കണം. വിസ ഉണ്ടായിരുന്ന എമിറേറ്റിലെ എമിഗ്രേഷനില്‍ തന്നെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ കേസുള്ളവര്‍ക്ക് അവിടെ നിന്നു ക്ലിയറന്‍സ് ലഭിക്കണം. മറ്റു കേസുള്ളവര്‍ക്കു കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിടാന്‍ കഴിയില്ല. ഒളിച്ചോടിയവരുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ എമിഗ്രേഷനില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് നിയമലംഘകര്‍ക്കു തന്നെ നല്‍കും.
നിയമവിരുദ്ധമായി രാജ്യത്തു കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികളെ സഹായിക്കാനായി അബൂദബി ഇന്ത്യന്‍ എംബസിയും ദുബയ് ഇന്ത്യന്‍ കോ ണ്‍സുലേറ്റും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി അറിയിച്ചു. ഇതിനായി പ്രത്യേക ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it