പൊട്ടിത്തെറിച്ചെത്തിയ ദുരന്തം...

അയ്യൂബ് സിറാജ്

കൊല്ലം: ഉല്‍സവവും കമ്പക്കെട്ടും കഴിഞ്ഞ ക്ഷേത്ര മൈതാനത്ത് ബാക്കിയായത് ചോരയുടെ മണവും ചിതറിത്തെറിച്ച മാംസവാശിഷ്ടങ്ങളും. രക്തക്കറ പറ്റിയ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ണടയും വാച്ചിന്റെ അവശിഷ്ടവുമെല്ലാം ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങളാവുന്നു. മാംസങ്ങള്‍ പെറുക്കിയെടുത്ത പോലിസിന്റെ രക്തം പറ്റിയ കൈയുറകളും നിലത്ത് ധാരാളമുണ്ട്. വെടിക്കെട്ട് സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് ചീളുകള്‍ ഒന്നര കിലോമീറ്ററിനപ്പുറം പതിച്ച് ഒരാള്‍ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തു. സ്‌ഫോടനത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് ഇവരുടെ മരണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും.
തീപ്പിടിത്തത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കഷണങ്ങള്‍ വന്നിടിച്ചും മുളയടക്കമുള്ളവ കുത്തിക്കയറിയുമാണ് പലര്‍ക്കും ദാരുണാന്ത്യം സംഭവിച്ചതെന്നും പോസ്റ്റ്‌േമാര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും പറയുന്നു. കോണ്‍ക്രീറ്റ് കെട്ടിടം കമ്പപ്പുരയാക്കി മാറ്റിയതാണ് ക്രൂരമായ നരഹത്യക്ക് ക്ഷേത്ര മൈതാനം വേദിയായത്. കെട്ടിടത്തിന്റെ വന്‍ കോണ്‍ക്രീറ്റ് കഷണങ്ങളാണ് പല ഭാഗങ്ങളിലും പതിച്ച് ആളുകള്‍ മരിച്ചത്.
ക്ഷേത്രത്തിന്റെ സമീപത്തുള്ള 30 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭിത്തികള്‍ തകര്‍ന്നും ഓടിട്ട മേല്‍ക്കൂര ഇളകി വീണും പലര്‍ക്കും മാരകമായ പരിക്ക് പറ്റി. രാവിലെയോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ക്ക് ചിതറിക്കിടന്ന കൈകാലുകള്‍ പെറുക്കിയെടുക്കേണ്ടി വന്നു. ഉല്‍സവ കച്ചവടത്തിനായി ഒരുക്കിയ പല കടകളും ആളില്ലാതെ തകര്‍ന്നു കിടപ്പുണ്ട്. ക്ഷേത്രത്തിലെ കിണറ്റില്‍ നിന്നു രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചു.
Next Story

RELATED STORIES

Share it