Flash News

പൈപ്പ്‌ലൈന്‍ : അഡ്വക്കറ്റ് കമ്മീഷണറുടെ റിപോര്‍ട്ട് യുക്തിസഹമല്ലെന്ന് ഗെയില്‍



കൊച്ചി: കൊച്ചി-മംഗലാപുരം പൈപ്പ്‌ലൈന്‍ സുരക്ഷിതമല്ലെന്ന ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണറുടെ റിപോര്‍ട്ട് യുക്തിസഹമല്ലെന്ന് ഗെയില്‍ ഹൈക്കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് കമ്മീഷണറുടെ റിപോര്‍ട്ടിന് മറുപടിയായി 17 പേജുള്ള റിപോര്‍ട്ടാണ് ഗെയില്‍ ഇന്നലെ സമര്‍പ്പിച്ചത്. വിദഗ്ധരെ ഉള്‍പ്പെടുത്തി പദ്ധതിയുടെ സുരക്ഷാ ഗുണനിലവാര പരിശോധന നടത്തണമെന്ന കമ്മീഷണറുടെ ശുപാര്‍ശ തള്ളണമെന്ന് ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ സി കൃഷ്ണന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ഒഐഎസ്ഡി 226 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുക. കൂടുതല്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുകയാണു വേണ്ടത്. അല്ലാതെ വിവേചനരഹിതമായ പ്രസ്താവനകള്‍ നടത്തരുത്. കടല്‍ത്തീരത്തു കൂടി പദ്ധതി നടപ്പാക്കണമെന്ന വാദം അംഗീകരിക്കുന്നത് കൊച്ചി-മാംഗ്ലൂര്‍ കണക്റ്റിവിറ്റി പദ്ധതി നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരാണ്. ജനങ്ങള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദവും ചെലവു കുറഞ്ഞതുമായ ഇന്ധനം നല്‍കണമെന്ന കേന്ദ്ര നിലപാടിനെ പരാജയപ്പെടുത്തുന്നതാണ് കമ്മീഷണറുടെ ശുപാര്‍ശകള്‍. കമ്മീഷണര്‍ പലപ്പോഴും വിദഗ്ധരുടെ വേഷം കെട്ടി. ജനവാസപ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പൈപ്പ്‌ലൈനിന് മതിയായ സുരക്ഷ നല്‍കും. സുരക്ഷയില്ലെന്ന വാദങ്ങള്‍ അംഗീകരിച്ചാല്‍ പദ്ധതി നടപ്പാവുന്നത് വൈകും. ഭൂവുടമകളുടെ ആശങ്ക പങ്കുവയ്ക്കുക മാത്രമാണ് കമ്മീഷണര്‍ ചെയ്തതെന്നും ഗെയില്‍ ആരോപിക്കുന്നു. പ്രദേശവാസികളുടെ ആശങ്ക പരിശോധിക്കാന്‍ കോടതി കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നില്ല. ഗെയിലിന്റെ എല്ലാ പദ്ധതികളും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കണ്‍ ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഗെയില്‍ നല്‍കിയ വിശദീകരണങ്ങളൊന്നും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തുരുമ്പ് പിടിച്ചുവെന്നു പറഞ്ഞ് കാണിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ഥത്തില്‍ പൈപ്പിന്റെ പുറമേയുള്ള ഓക്‌സിഡേഷന്‍ മാത്രമാണ്. ഇതു ചില സാങ്കേതിക പ്രവര്‍ത്തനങ്ങളിലൂടെ മാറ്റാനാവും. വിവിധതരത്തിലുള്ള സുരക്ഷാ പരിശോധനകള്‍ നടത്തി മാത്രമേ ഓരോ പൈപ്പും ഉപയോഗിക്കൂ. ഓരോ ജോയിന്റും പരിശോധിക്കും. സുരക്ഷ ഉറപ്പുവരുത്താന്‍ അള്‍ട്രാസോണിക് ടെസ്റ്റിങ്, ലിക്യുഡ് പെനെട്രന്റ് ടെസ്റ്റിങ് എന്നിവ നടത്തും. പൈപ്പ് ഭൂമിക്കടിയിലൂടെ ഇടുന്നതില്‍ കമ്മീഷണര്‍ കാണിച്ച ആശങ്ക അദ്ഭുതാവഹമാണ്.  പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ്‌ലൈന്‍സ് നിയമത്തെക്കുറിച്ചും സാങ്കേതികകാര്യങ്ങളെ കുറിച്ചുമുള്ള തെറ്റിദ്ധാരണ മൂലമാണ് കമ്മീഷണര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പൈപ്പ്‌ലൈന്‍ സ്ഥാപിച്ചാല്‍ പ്രദേശത്ത്  അനുമതിയില്ലാതെ മറ്റു നിര്‍മാണങ്ങളൊന്നും സാധ്യമല്ലെന്ന വാദം തെറ്റാണെന്നും ഗെയില്‍ വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്കകം പരിഗണിക്കും.
Next Story

RELATED STORIES

Share it