kasaragod local

പൈതൃക വിനോദസഞ്ചാര കേന്ദ്രമായ പൊവ്വല്‍ കോട്ട മെയ് 4ന് നാടിനു സമര്‍പ്പിക്കും

പൊവ്വല്‍: തെക്കെ ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊവ്വല്‍ കോട്ട മേയ് നാലിന് തുറന്നുകൊടുക്കും. തെക്കെ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിന് ശേഷം തെക്കന്‍ കനറയുടെ അധികാരം കയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര്‍ 17ാം നൂറ്റാണ്ടില്‍ പണിത കോട്ടയാണ് പൊവ്വല്‍ കോട്ട. 300 വര്‍ഷം പഴക്കമുള്ള ഈ കോട്ട 1985 മുതല്‍ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. 8.44 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പൈതൃകസ്വത്ത് നാശത്തിന്റെ വക്കിലായിരുന്നു.
കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാന പുരാവസ്തു വകുപ്പിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് 52 ലക്ഷം രൂപ അനുവദിക്കുകയും പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. കോട്ടയുടെ അറ്റകുറ്റപ്പണി, നടപ്പാതയില്‍കല്ലുപാകല്‍, അകത്തുള്ള കുളം, കിണര്‍ എന്നിവയുടെ നവീകരണം, പരിസരത്തെ ഹനുമാന്‍ ക്ഷേത്രത്തിന്റെ നവീകരണം, കോട്ടയുടെപുറത്ത് കുടിവെള്ളം, ശൗചാലയം, ഓഫിസ് എന്നിവ അഭിവൃദ്ധിപ്പെടുത്തിയിരുന്നു. ഇന്നലെ മുളിയാര്‍ പഞ്ചായത്ത് ഓഫിസില്‍ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി സംബന്ധിച്ചു.
ചെര്‍ക്കള-ജാസൂര്‍ പാതയിലെ പൊവ്വല്‍ സ്റ്റോറിനടുത്ത് നിന്നാണ് കോട്ടയിലേക്കുള്ള പ്രവേശന കവാടം. ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമായിരുന്ന കോട്ട ഇക്കാലമത്രയും നാശത്തിന്റെ വക്കിലായിരുന്നു.
കോട്ട വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ പൊവ്വല്‍ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ബിഎസ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ കോട്ടക്കടുത്തുള്ള സ്വകാര്യ ഹോസ്റ്റലുകളിലാണ് കൂടുതലായും താമസിച്ചുവരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നുള്ള കുട്ടികളും ഇവിടെ താമസിച്ചുവരുന്നുണ്ട്. കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ പൊവ്വല്‍ കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കാനാകും.
Next Story

RELATED STORIES

Share it