Kottayam Local

പേവാര്‍ഡില്‍ ചികില്‍സ തേടുന്ന രോഗികള്‍ക്ക് ആനുകൂല്യമില്ലെന്ന് പരാതി ; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി



കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡില്‍ ചികില്‍സതേടുന്ന രോഗികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സൗജന്യചികില്‍സയും പേ വാര്‍ഡില്‍ കിടക്കുന്ന താഴ്ന്നവരുമാനക്കാര്‍ക്ക് ലഭിക്കേണ്ട ചികില്‍സാസൗജന്യങ്ങളും വര്‍ഷങ്ങളായി ലഭിക്കുന്നില്ലെന്ന് പരാതി. ആശുപത്രി അധികൃതരുടെ നടപടി കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തനും പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എച്ച് അബ്ദുല്‍ അസീസാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് മുമ്പാകെ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. കഴിഞ്ഞദിവസം ഈ ഹരജി വാദം കേട്ട് ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികളായ ആരോഗ്യവകുപ്പു സെക്രടറി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു. ജൂണ്‍ 23നകം മറുപടി നല്‍കാനാണ് കമ്മീഷന്റെ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡില്‍ കിടന്നാല്‍ ബിപിഎല്‍ കാര്‍ഡുടമകളില്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് സൗജന്യചികില്‍സ ലഭിക്കുന്നുണ്ട്. എന്നാല്‍, മിക്ക ദിവസങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ബെഡ് ലഭിക്കാറില്ല. രോഗികള്‍ തറയില്‍ കിടക്കേണ്ട അവസ്ഥയാണ്. ഈ ബുദ്ധിമുട്ടു പരിഹരിക്കാന്‍ രോഗികള്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലു സ്വയം പണംമുടക്കി പേ വാര്‍ഡെടുക്കാറാണ് പതിവ്. ബിപിഎല്‍ കാര്‍ഡുടമകളായ രോഗികള്‍ ജനറല്‍ വാര്‍ഡില്‍ കിടന്നാല്‍ ഈ ആനുകൂല്യം ലഭിക്കുകയും ഇതേ വരുമാനമുള്ള രോഗികള്‍ ചികില്‍സയ്ക്കായി പേ വാര്‍ഡെടുത്താല്‍ ആശുപത്രി അധികാരികള്‍ മരുന്നുകള്‍ക്കും മറ്റും പണമീടാക്കുകയുമാണ് ചെയ്യുന്നത്. പിയുസിഎല്ലിനുവേണ്ടി അഡ്വ.എം ഒ മത്തായി മുരിയങ്കരി, ഹരജിക്കാരന്‍ എച്ച് അബ്ദുല്‍ അസീസ് എന്നിവര്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഹാജരായി.
Next Story

RELATED STORIES

Share it