malappuram local

പേരിനുമാത്രം പ്രവര്‍ത്തിച്ച് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ്

മലപ്പുറം: ഒരുതവണ പൂട്ടി വീണ്ടും തുറന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ക്കോ വേണ്ടി. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടി കോഴിക്കോട് ഓഫിസില്‍ ലയിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ഡിസംബര്‍ ആദ്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കിഴക്കേത്തലയിലെ കെട്ടിടത്തില്‍ തന്നെ പാസ്‌പോര്‍ട്ട് ഓഫിസ് തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നായിരുന്നു പുതിയ നിര്‍ദേശം. ഇതിനായി കെട്ടിടത്തിന്റെ വാടക കരാര്‍ മൂന്നു മാസത്തേക്ക് നീട്ടുകയും ചെയ്തു. ഇപ്പോള്‍ ഈ വലിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് വെറും എന്‍ക്വയറി കൗണ്ടര്‍ മാത്രമാണ്. അതിനായി ഒരു ജീവനക്കാരനും. പാസ്‌പോര്‍ട്ട് ഓഫിസര്‍ ചുമതലയിലുള്ള ജി ശിവകുമാര്‍ ആഴ്ച്ചയില്‍ രണ്ടു ദിവസം മലപ്പുറത്തുണ്ടാവും. പാസ്‌പോര്‍ട്ട് ഓഫിസറടക്കം രണ്ടു പേരാണ് 50ഓളം ജീവനക്കാരുണ്ടായിരുന്ന ഈ ഓഫിസില്‍ ഇപ്പോഴുള്ളത്. പാസ്‌പോര്‍ട്ട് ഓഫിസിന് പൂട്ടിട്ടതോടെ ഓഫിസറെ കോയമ്പത്തൂര്‍ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് മാറ്റിയിരുന്നു. ഓഫിസ് വീണ്ടും തുറന്നപ്പോള്‍ ശിവകുമാറിന് തന്നെ മലപ്പുറത്തിന്റെ അധിക ചുമതലയും നല്‍കുകയായിരുന്നു. ഇപ്പോള്‍ കോയമ്പത്തൂര്‍, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസുകളുടെ ചുമതലയാണ് ജി ശിവകുമാറിനുള്ളത്. കഴിഞ്ഞ നവംബര്‍ 30നകം മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര വിദേശ കാര്യമന്ത്രാലയം മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഭരണ സൗകര്യം, സാമ്പത്തിക മെച്ചം തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് ഓഫിസ് പൂട്ടാനുള്ള ഉത്തരവിറക്കിയത്. തുടര്‍ന്ന് നവംബര്‍ പതിനേഴോടെ ഓഫിസ് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തി. 30ഓടെ പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതനുസരിച്ച് ഓഫിസിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും കോഴിക്കോട് ഓഫിസിലെക്ക് മാറ്റുകയും ചെയ്തു. പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനത്തിനെതിരേ പി കെ കുഞ്ഞാലിക്കുട്ടി എംപി ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു.  ഇതിനിടെയാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടി കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനുള്ള മുന്‍ ഉത്തരവ് മരവിപ്പിച്ച് വിദേശകാര്യ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് ഓഫിസുമായി ലയിപ്പിക്കാനുള്ള ഉത്തരവില്‍ വിദേശകാര്യ മന്ത്രിയുടെ ഒപ്പുവച്ചില്ലെന്ന കാണമാണ് ഉത്തരവ് മരവിപ്പിക്കാനുള്ള കാരണമായി പറയുന്നത്. എന്നാല്‍, ഉത്തരവ് മരവിപ്പിച്ച് വീണ്ടും മേഖലാ പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് തുറന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതു വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഓഫിസായി പ്രവര്‍ത്തിക്കുന്ന വലിയ കെട്ടിടത്തിനു വന്‍തുക വാടക കൊടുക്കുന്നവെന്നല്ലാതെ ഒരു ഉപകാരവും പൊതുജനങ്ങള്‍ക്ക് ഇതുകൊണ്ട് ഉണ്ടാവുന്നില്ല.
Next Story

RELATED STORIES

Share it