Dont Miss

പേരറിവാളന്‍ ജയിലിലായിട്ട് 27 വര്‍ഷം; കുറ്റം രണ്ട് 9 വോള്‍ട്ട് ബാറ്ററി വാങ്ങിയത്

പേരറിവാളന്‍ ജയിലിലായിട്ട് 27 വര്‍ഷം; കുറ്റം രണ്ട് 9 വോള്‍ട്ട്  ബാറ്ററി വാങ്ങിയത്
X

ന്യൂഡല്‍ഹി: ഇന്ന്(2018 ജൂണ്‍ 11) പേരറിവാളന്‍ ജയിലില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി. ജയിലിന് പുറത്ത് ജീവിച്ച് തീര്‍ത്തതിനേക്കാള്‍ ഏഴ് വര്‍ഷം കൂടുതല്‍. 9 വോള്‍ട്ടിന്റെ രണ്ട് ബാറ്ററി വാങ്ങി എന്നതാണ് പേരറിവാളന്റെ പേരിലുള്ള കുറ്റം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി പേരറിവാളനെ ബന്ധിപ്പിച്ചത് ആ രണ്ടു ബാറ്ററികളായിരുന്നു. ചെറിയ ചോദ്യം ചെയ്യലിന് ശേഷം പിറ്റേന്ന് വിട്ടയക്കാമെന്ന ഉറപ്പിന്‍മേല്‍ സ്വന്തം രക്ഷിതാക്കള്‍ തന്നെയാണ് അദ്ദേഹത്തെ പോലിസിന് കൈമാറിയത്. എന്നാല്‍, 27 വര്‍ഷത്തിന് ശേഷവും പോലിസ് പറഞ്ഞ അടുത്ത പ്രഭാതത്തിന് വേണ്ടി മാതാവ് അര്‍പുതം അമ്മാള്‍ ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണ്.

അറിവ് എന്നറിയപ്പെടുന്ന പേരറിവാളന്റെ പേര് ഇന്ന് തമിഴ്‌നാട്ടിലെ ഓരോ വീട്ടിലും അറിയാം. എന്നാല്‍, 1991ല്‍ സിബിഐ അന്വേഷണം തുടങ്ങുമ്പോള്‍ അതായിരുന്നില്ല സ്ഥിതി. അടുത്ത ദിവസം വിട്ടയക്കാമെന്ന് പറഞ്ഞ അറിവിനെ കൊണ്ടുപോയ സിബിഐ പിന്നീട് മാതാവിനെപ്പോലും കാണാനനുവദിച്ചില്ല. തുടര്‍ന്നുള്ള 59 ദിവസത്തേക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അറിവ് പോലിസ് കസ്റ്റഡിയിലാണെന്നത് നാട്ടുകാര്‍ അറിയുമെന്ന് കരുതി ഒരു ഹേബിയസ് ഹരജി കൊടുക്കാന്‍ പോലും രക്ഷിതാക്കള്‍ മടിച്ചു. ഒരു കുറ്റവും ചെയ്യാത്ത മകനെ പോലിസ് ഉടന്‍ വിട്ടയക്കും എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലായിരുന്നു അവരുടെ പ്രതീക്ഷ. അതേ പ്രതീക്ഷ തന്നെയാണ് 27 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ തളരാതെ അവരെ പിടിച്ചുനിര്‍ത്തിയതും.

[caption id="attachment_385312" align="alignnone" width="429"] Arputham Ammal[/caption]

എന്നാല്‍, പ്രതീക്ഷ ഒരു തവണയല്ല, പല തവണ തകര്‍ന്നു. എന്നാല്‍, ഓരോ തവണയും പുതിയ ഊര്‍ജം സംഭരിച്ച് അവര്‍ ഒന്നില്‍ നിന്നു തുടങ്ങി.

രാജിവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബ് പൊട്ടിക്കാന്‍ ഉപയോഗിച്ച 9 വോള്‍ട്ട് ബാറ്റങി വാങ്ങിയത് അറിവാണെന്നായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം. ഏത് പെട്ടിക്കടയിലും കിട്ടുന്ന സാധനമാണ് 9 വോള്‍ട്ട് ബാറ്ററി. അറിവ് തന്റെ കടയില്‍ നിന്നാണ് ബാറ്ററി വാങ്ങിയതെന്ന ഷോപ്പുടമയുടെ മൊഴിയായിരുന്നു പോലിസിന്റെ തെളിവ്. തന്റെ പക്കല്‍ നിന്ന് വാങ്ങിയ എല്ലാ സാധനങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും ഒരു പെട്ടിക്കടയുടമ മാസങ്ങള്‍ക്കു ശേഷവും ഓര്‍ത്തിരിക്കുന്നുവെന്നത് ആരിലും ആശ്ചര്യമുളവാക്കുന്നതാണ്. ബാറ്ററി വാങ്ങി മാസങ്ങള്‍ക്കു ശേഷവും അറിവിന്റെ പോക്കറ്റില്‍ നിന്ന് സിബിഐ അതിന്റെ ബില്ല് കണ്ടെടുത്ത് എന്നത് അതിനേക്കാള്‍ അദ്ഭുതകരമാണ്. മറ്റൊരു തെളിവ് അറിവിന്റെ തന്നെ റെക്കോഡ് ചെയ്യപ്പെട്ട മൊഴിയാണ്.

ടാഡ നിയമപ്രകരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആ നിയമപ്രകാരം പോലിസിന് നല്‍കുന്ന റെക്കോഡ് ചെയ്യപ്പെട്ട മൊഴി തെളിവായി സ്വീകരിക്കും. മൂന്നാംമുറ ഉപയോഗിച്ച് നേരത്തേ എഴുതി തയ്യാറാക്കിയ പേപ്പറുകളിലും വെള്ളപേപ്പറുകളിലും അറിവിനെകൊണ്ട് ഒപ്പിടുവിച്ചുവെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. അറിവ് ബാറ്ററി വാങ്ങി രാജീവ് കൊലക്കേസിലെ ബുദ്ധികേന്ദ്രമായ ശിവരസന് കൈമാറിയെന്നാണ് രേഖകളില്‍ പറയുന്നത്.

എന്നാല്‍, 26 വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ഒക്ടോബര്‍ 27ന് അറിവിന്റെ മൊഴി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പഴയ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തി. അറിവിന്റെ മൊഴി രേഖപ്പെടുത്തിയത് താനാണെന്നും കുറ്റസമ്മതമൊഴിയുടെ ഒരു ഭാഗം ഒഴിവാക്കിയാണ് രേഖകളില്‍ ചേര്‍ത്തതെന്നും മുന്‍ സിബിഐ ഓഫിസര്‍ വി ത്യാഗരാജന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. താന്‍ ബാറ്ററി വാങ്ങിയിരുന്നുവെന്നതാണ് മൊഴിയുടെ ആദ്യ ഭാഗം. എന്നാല്‍, ആ ബാറ്ററി എന്തിന് ഉപയോഗിക്കാനുള്ളതാണെന്ന് തനിക്ക് യാതൊരു അറിവുമില്ലെന്നതായിരുന്നു എന്നതാണ് മൊഴിയുടെ രണ്ടാം ഭാഗം. ഈ ഭാഗം കൂടി രേഖപ്പെടുത്തിയിരുന്നെങ്കില്‍ രാജീവ് ഗാന്ധി കൊലക്കേസില്‍ അറിവ് ഒരിക്കലും പ്രതിയാകുമായിരുന്നില്ലെന്ന് ത്യാഗരാജന്റെ സത്യാവാങ്മൂലത്തില്‍ പറുയുന്നു.

പേരറിവാളന്റെ കേസിലെ പങ്കിനെക്കുറിച്ച് ആദ്യം സിബിഐക്ക് ഉറപ്പില്ലായിരുന്നെങ്കിലും അന്വേഷണം പുരോഗതി പ്രാപിച്ചപ്പോള്‍ ബാറ്ററി എന്തിനുള്ളതാണെന്ന് തനിക്കറിയിയില്ലെന്ന് മൊഴി സത്യമായിരുന്നുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും ത്യാഗരാജന്‍ പറഞ്ഞു. 1991 മെയ് 7ന് ശിവരശന്‍ എല്‍ടിടിഇയുടെ മുതിര്‍ന്ന നേതാവ് പൊട്ടുഅമ്മന് അയച്ച വയര്‍ലസ് സന്ദേശമാണ് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ മൂന്ന് പേര്‍ക്കല്ലാതെ(ശിവരശന്‍, ശുഭ, തനു) തങ്ങളുടെ ലക്ഷ്യം അറിയില്ലെന്നാണ് അതില്‍ പറയുന്നത്.

കുറ്റസമ്മതമൊഴിയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു 27 കൊല്ലമായി അറിവ് ജയിലില്‍ കിടക്കുന്നത്. എന്നാല്‍, 26 വര്‍ഷത്തിന് ശേഷം അതും പൊളിഞ്ഞു. നേരത്തേ വിധിച്ച വധശിക്ഷ പ്രകാരം അറിവിനെ തൂക്കിലേറ്റിയിരുന്നെങ്കില്‍ മുന്‍ സിബിഐ ഓഫിസറുടെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ ജീവന്‍ തിരികെ നല്‍കുമായിരുന്നോ? വെളിപ്പെടുത്തപ്പെട്ട സത്യം അദ്ദേഹത്തിന്റെ ബാക്കിയുള്ള കാലത്തെ ജീവിതമെങ്കിലും തിരികെ നല്‍കുമോ?

27 വര്‍ഷത്തില്‍ 23 വര്‍ഷവും അറിവ് ഏകാന്ത തടവിലായിരുന്നു.  തൂക്കിലേറ്റാനുള്ള തിയ്യതി പലതവണ കുറിക്കപ്പെട്ടിരുന്നു. പോലിസ് കസ്റ്റഡിയില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍, അതിനൊന്നും ആ ചെറുപ്പക്കാരന്റെ മുഖത്തെ പുഞ്ചിരി മായ്ക്കാന്‍ കഴിഞ്ഞില്ല.

ജോലാര്‍പേട്ട എന്ന ചെറിയ ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപകന്റെ മകനായ അറിവിന്റെ അറസ്റ്റ് അദ്ദേഹത്തെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയായിരുന്നു. എന്നാല്‍, അറിവ് വീണില്ല, കുടുംബത്തെ വീഴാന്‍ അനുവദിച്ചതുമില്ല. ചുണ്ടിലൊരു പുഞ്ചിരിയൊളിപ്പിച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നു.

നിശ്യദാര്‍ഡ്യത്തോടെ തന്റെ അഭിഭാഷകരോടൊപ്പം കേസിന്റെ രേഖകള്‍ തയ്യാറാക്കി. പുറത്തു നടക്കുന്ന കാര്യങ്ങള്‍, അത് ശാസ്ത്രമായാലും രാഷ്ട്രീയമായാലും സ്‌പോര്‍ട്‌സായാലും വിവരിച്ച് നല്‍കി അറിവ് സന്ദര്‍ശകരെ അമ്പരപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി 91.33 ശതമാനം മാര്‍ക്കോടെ പാസായി, തമിഴ്‌നാട് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി നടത്തിയ ഡിപ്ലോമ കോഴ്‌സില്‍ സ്വര്‍ണ മെഡല്‍ നേടി, കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി, ജയിലില്‍ വിവിധ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ട്യൂഷന്‍ നല്‍കി, സഹതടവുകാരോടൊപ്പം മ്യൂസിക്ക് ബാന്‍ഡ് തുടങ്ങി. ഇങ്ങനെ ജയിലില്‍ എത്തുന്നവര്‍ക്കെല്ലാം പ്രചോദനമായി അറിവ് മാറി.

അതേ സമയം, പുറത്ത് അറിവിന്റെ മോചനത്തിന് വേണ്ടിയുള്ള സമരം ജനകീയ പ്രക്ഷോഭമാക്കി മാറ്റിയതിന് പിന്നില്‍ ജനം അറിവമ്മ എന്ന് വിളിക്കുന്ന അര്‍പുതം അമ്മാളിന്റെ വിശ്രമമില്ലാത്ത പോരാട്ടവും ഉണ്ടായിരുന്നു. കാഴ്ച്ച മങ്ങിയ 71ാം വയസിലും അവര്‍ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ള, മകന്റെ മോചനം. ഇതിനായി ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് കോടതികളില്‍ നിന്ന് കോടതികളിലേക്ക് അവര്‍ ഓടിക്കൊണ്ടിരുന്നു. വെറും തമിഴ് മാത്രമറിയുന്ന അറിവമ്മ തന്റെ മകനെപ്പോലുള്ള ആയിരക്കണക്കിന് നിരപരാധികള്‍ക്ക് വേണ്ടി പോരാടുന്ന മനുഷ്യാവകാശ കൂട്ടായ്മകളുടെ ഭാഗമാവാന്‍ ഇന്ത്യയുടെ മുക്കുമൂലകളിലെത്തി. അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്, മകന്‍ നിരപരാധിത്വം തെളിയിച്ച് ഒരുനാള്‍ പുറത്തുവരും.
Next Story

RELATED STORIES

Share it