'പെരുമാള്‍ മുരുകന്‍ പിന്നെന്തു ചെയ്യണം'

ജംഷീര്‍  കൂളിവയല്‍

കല്‍പ്പറ്റ: ഒറ്റപ്പെടലിന്റെ വേദനയല്ല, ശൂലവും തോക്കും വിചാരണ നടത്തുമ്പോള്‍ എഴുത്തുനിര്‍ത്തേണ്ടി വരുന്ന പെരുമാള്‍ മുരുകന്‍മാരെ കുറിച്ചോര്‍ത്താണ് അഗതിമന്ദിരത്തിലെ അന്തേവാസി 68കാരിയായ ഭാരതിയമ്മ വ്യാകുലപ്പെടുന്നത്.
'പെരുമാള്‍ മുരുകന്‍ പിന്നെ എന്തു ചെയ്യണം കൂട്ടരെ, കഴുത്തില്‍ പിടിമുറുകുമ്പോള്‍ എഴുത്തിനെന്തു ചെയ്യുവാന്‍...…ഭാരതിയമ്മയുടെ 'പിന്നെ' എന്ന കവിതകളിലെ വരികളാണിത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസിയായ ഭാരതിയമ്മയുടെ കവിതകളോരോന്നും വര്‍ത്തമാനകാല സാമൂഹികാവസ്ഥകളോടു കലഹിക്കുന്നവയാണ്. 1964ല്‍ 10ാം തരം പാസായ ഭാരതിയമ്മ എഴുത്തു തുടങ്ങിയത് അടുത്തകാലത്ത്. തീക്ഷ്ണ ജീവിതാനുഭവങ്ങളും ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയതും ഇവരെ വേദനിപ്പിക്കുന്നില്ല. വായിച്ചുതീര്‍ത്തതു ക്ലാസിക് ഉള്‍െപ്പടെ നിരവധി കൃതികള്‍. വായനാലോകം തന്നെ ഒറ്റപ്പെടലില്‍ നിന്നു സ്വതന്ത്രയാക്കുന്നു. നോട്ട് ബുക്കിലെ കുത്തികുറിക്കലുകള്‍ പ്രായത്തിന്റെ അവശതകളില്‍ നിന്നു മോചനം തരുന്നു.
പത്രവായന മുടക്കാറില്ല. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നൊമ്പരങ്ങള്‍, നീതി നിഷേധിക്കപ്പെട്ടവനോടുള്ള ഐക്യദാര്‍ഢ്യം, അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തോടുള്ള അമര്‍ഷം, ഇവയെല്ലാം കവിതയായി കുറിച്ചുവയ്ക്കും.
പ്രപഞ്ചം, മൃഗീയം, പ്രവാസിയുടെ നൊമ്പരം- ഇവ ഭാരതിയമ്മ എഴുതിയതില്‍ ചില കവിതകള്‍ മാത്രം. ഇഷ്ട കൃതികള്‍ സുമനസ്സുകളില്‍ നിന്നായി ലഭിക്കും. മക്കളും ബന്ധുക്കളും ഉപേക്ഷിച്ചും മറ്റുമെത്തിയ 39ഓളം അന്തേവാസികളാണ് പീസ് വില്ലേജില്‍ കഴിയുന്നത്. ചിലര്‍ പോയ കാലത്തെ ഓര്‍ക്കാന്‍ ഭയപ്പെടുന്നവര്‍, സ്വന്തം മക്കളുമായി നിയമ പോരാട്ടം നടത്താന്‍ വിധിക്കപ്പെട്ടവര്‍. ഇവര്‍ക്കിടയിലിരുന്നാണു വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ കൃതികളും ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയുമൊക്കെ വായിച്ചുതീര്‍ത്തത്.
കുത്തിപ്പൊട്ടിച്ച പേനയില്‍ തിളയ്ക്കും ജീവരക്തമേ പല പേനയില്‍ നിറഞ്ഞാടി വീണ്ടെടുക്കൂ തൂലിക- ഫാഷിസം തോക്കിന്‍മുനയില്‍ നിര്‍ത്തിയ എഴുത്തുകാരോട് ഭാരതിയമ്മയുടെ ഐക്യദാര്‍ഢ്യം.
Next Story

RELATED STORIES

Share it