kozhikode local

പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി



വടകര: ശഅബാനിന്റെ പകല്‍ മാഞ്ഞത് ഇരുട്ടിലേക്കല്ല, മറിച്ച് റമദാനെന്ന ദിവ്യപ്രകാശത്തിലേക്കാണെന്നും ആ പ്രകാശപൂരിതമായ മാസത്തെ വരവേറ്റ വിശ്വാസികള്‍ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ എല്ലാ പള്ളികളിലും പ്രാര്‍ഥനകളാല്‍ മുഖരിതമാക്കി. വടകരയിലെ എല്ലാ ജുമാമസ്ജിദുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നേരത്തെ തന്നെ വിശ്വാസികളെല്ലാം പള്ളികളില്‍ ഇടംപിടിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പുറത്ത് നിന്നുള്ള നമസ്‌കാരം ഒഴിവാക്കാനായി പള്ളിപരിപാലന പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പള്ളികള്‍ക്കുള്ളില്‍ തന്നെ സൗകര്യങ്ങള്‍ സംവിധാനം ചെയ്തു. നഗരത്തില്‍ പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ വന്‍ തിരക്കായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനുഭവപ്പെട്ടത്. തുണിക്കടകള്‍, പലചരക്ക് സ്ഥാപനങ്ങള്‍, പഴം, പച്ചക്കറി എന്നിവിടങ്ങളിലെല്ലാം നല്ല തിരക്ക് തന്നെ അനുഭവപ്പെട്ടു. റമദാനിന്റെ ആദ്യദിനങ്ങളില്‍ ചെറിയ തോതിലുള്ള വിലയില്‍ ഒരാഴ്ചക്കുള്ളി ല്‍ വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് വടകരയിലെ വിവിധ സ്‌കൂളൂകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ മെഹന്ദി ഫെസ്റ്റുകള്‍ നടത്തി. ഓര്‍ക്കാട്ടേരി ഒലിവ് ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളജ് യൂനിയന്‍ മെഹന്ദി ഫെസ്റ്റ്‌നടത്തി. ഏറാമല ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീല വി കെ ഉദ്ഘാടനം ചെയ്തു. അനുശ്രീ കെ കെ അധ്യക്ഷത വഹിച്ചു. റിസ്—വാന ഷെറിന്‍, റിയാനാ കെ, അനുശ്രീ പി, അശ്വതി കെ, ഫൗസിയ എന്‍ കെ, നസ്—റീബ നാസര്‍ നേതൃത്വം നല്‍കി. കീഴല്‍ യുപി സ്‌കൂളില്‍ പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മല്‍സരം നടത്തി. അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മല്‍സരം. കെവി സത്യന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫൈസല്‍എം, കെ ശ്രീജന്‍ സംസാരിച്ചു. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇഫ്താര്‍ വിരുന്നും മെഹന്ദി മല്‍സരവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കുഞ്ഞ്ബ്ദുള്ള, അധ്യാപകര്‍ സംസാരിച്ചു. സ്‌കൂള്‍ എന്‍എസ്എസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.
Next Story

RELATED STORIES

Share it