ernakulam local

പെരിയാര്‍: ചുവന്നൊഴുകാന്‍ തുടങ്ങിയിട്ട് 12 ദിവസം; അധികൃതര്‍ക്ക് മൗനം

ഏലൂര്‍: പെരിയാര്‍ ചുവന്നൊഴുകാന്‍ തുടങ്ങിയിട്ട് 12 ദിവസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണബോര്‍ഡ് കുറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ കഴിയാതെ ജനങ്ങളെ വട്ടംകറക്കുന്നു. ഈമാസം ഇത് 12ാം തവണയാണ് പെരിയാര്‍ വലിയ നിലയില്‍ ചുവന്നൊഴുകുന്നത്.
പെരിയാര്‍ ചുവന്നൊഴുകുന്ന വിവരം നാട്ടുകാരും മലിനീകരണ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തകരും പിസിബി ഓഫിസില്‍ വിളിച്ചപ്പോള്‍ ജീവനക്കാര്‍വന്ന് സാംപിളുകള്‍ ശേഖരിക്കുന്നതല്ലാതെ ഇത് എവിടെനിന്നു വന്നു, ഏതുതരം മാലിന്യമാണ് പെരിയാറിലേക്ക് ഒഴുക്കിയത് ഇതെന്നും കണ്ടെത്താറില്ല.
ചുവന്നൊഴുകുമ്പോള്‍ പെരിയാറിന്റെ മുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതല്ലാതെ അടിത്തട്ടില്‍ നിന്നും ജലം ശേഖരിച്ച് പരിശോധന നടത്തുന്ന നടപടിയും പിസിബി അധികൃതര്‍ സ്വീകരിക്കാറില്ല.
പെരിയാറിലെ മലിനീകരണം കണ്ടെത്തിയാല്‍ തന്നെ പിസിബി ചില കമ്പനികള്‍ക്ക് പേരിനുമാത്രം നോട്ടീസ് നല്‍കി നടപടി അവസാനിപ്പിക്കലാണ് പതിവ്.
ഈവര്‍ഷം അമ്പത്തിരണ്ടോളം തവണ വലിയതോതില്‍ പെരിയാര്‍ ചുവന്നൊഴുകി. കഴിഞ്ഞവര്‍ഷം പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെത്തുടര്‍ന്ന് 23 തവണ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു.
എന്നാല്‍ ജനങ്ങളുടെ കുടിവെള്ളത്തെപ്പോലും അതീവ ഗുരുതരമായി ബാധിക്കുന്ന പെരിയാറിലെ മലിനീകരണം തടയാനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
Next Story

RELATED STORIES

Share it