പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താനുള്ള ധനകാര്യവകുപ്പിന്റെ തീരുമാനത്തോട് കന്റോണ്‍മെന്‍് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതയും അമിത ധൂര്‍ത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല. യുവജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളോട് ഇടതു സര്‍ക്കാര്‍ ഹോളിഡേ പ്രഖ്യാപിച്ചിരിക്കയാണ്. 1400 കോടി രൂപ കരാറുകാര്‍ക്ക് കുടിശ്ശികയായിട്ടുണ്ട്. ഇതോടെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. പെന്‍ഷന്‍ വിതരണത്തില്‍ 1600 കോടിയാണ് കുടിശ്ശിക. പ്രതിസന്ധി രൂക്ഷമായതോടെ 2 ലക്ഷം ക്ഷേമപെന്‍ഷനുകള്‍ സര്‍ക്കാര്‍ സ്വീകരിക്കാതെ വച്ചിരിക്കയാണ്. 20,402 കോടിയാണ് കേരളത്തിന് കടമെടുക്കാനാവുക. ഇതില്‍ 14,000 കോടി ഓണത്തിന് മുമ്പേ സാമ്പത്തിക പ്രതിസന്ധിമൂലം കടമെടുത്തിട്ടുണ്ട്. ഇനി 6042 കോടി മാത്രമാണ് കടമെടുക്കാനുള്ളത്. ഇതുകൊണ്ടുതന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മന്ത്രി തന്നെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് രംഗത്തുവന്നതും അദ്ദേഹം സൂചിപ്പിച്ചു. വാറ്റ് നികുതി ഉണ്ടായിരുന്നപ്പോള്‍ 1600 കോടിയാണ് കേരളത്തിന് വരുമാനമെന്നും ജിഎസ്ടി വന്നതോടെ 400 കോടിയുടെ നഷ്ടത്തിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയതെന്നും  ധനകാര്യവകുപ്പിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it