പെന്റഗണ്‍ സൈനിക പീഡന ചിത്രങ്ങള്‍ പുറത്തുവിട്ടു

വാഷിങ്ടണ്‍: യുഎസിന്റെ ഇറാഖ്-അഫ്ഗാന്‍ അധിനിവേശക്കാലത്ത് സൈനികര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട 200ഓളം ചിത്രങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ (എസിഎല്‍യു) സമര്‍പ്പിച്ച വിവരാവകാശ ഹരജിയെത്തുടര്‍ന്നാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
തടവുകാരെ പരിക്കേല്‍പ്പിക്കുന്നതിന്റെയും കൈയും കാലും വെട്ടുന്നതിന്റെയും ചിത്രങ്ങളും പുറത്തുവിട്ടവയില്‍ ഉള്‍പ്പെടും. ഇറാഖിലെ അബു ഗരീബില്‍ തടവുകാരെ പീഡിപ്പിക്കുന്നതിന്റെയും ലൈംഗികമായി അപമാനിക്കുന്നതിന്റെയും ചിത്രങ്ങള്‍ 2004ല്‍ പുറത്തുവന്നത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം, പുറത്തുവിട്ട ചിത്രങ്ങളില്‍ അബു ഗരീബിലെയും ഗ്വണ്ടാനമോയിലെയും തടവറകളില്‍ നിന്നുള്ള രംഗങ്ങളില്ലെന്നും പെന്റഗണ്‍ അറിയിച്ചു. യുഎസ് സൈനികരുടെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷകര്‍ ശേഖരിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്നാണ് പെന്റഗണ്‍ വക്താവ് നല്‍കിയ വിശദീകരണം.
തടവുകാരെ നഗ്നരാക്കി കൂട്ടിയിട്ടിരിക്കുന്നതും ഒരാളെ നഗ്നനാക്കി നായയുടെ കഴുത്തിലെ കയറില്‍ കെട്ടി നടത്തിക്കുന്നതും ചിത്രങ്ങളിലുണ്ട്. 198 ചിത്രങ്ങളുമായി ബന്ധപ്പെട്ട് 14 കുറ്റങ്ങള്‍ സ്ഥിരീകരിച്ചതായും എന്നാല്‍, 42 കേസുകള്‍ ആരോപണം മാത്രമാണെന്നും പെന്റഗണ്‍ പറയുന്നു. 65 സൈനികര്‍ക്കു കേസുമായി ബന്ധപ്പെട്ട് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ പുറത്തുവിടാത്ത 2000ഓളം ചിത്രങ്ങള്‍ ഇനിയും ഉണ്ടെന്ന് എസിഎല്‍യു ആരോപിക്കുന്നു.
Next Story

RELATED STORIES

Share it