ernakulam local

പെട്ടിക്കടകള്‍ പൊളിച്ചു നീക്കി

കാക്കനാട്: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ജില്ല ജയില്‍ മുതല്‍ ജില്ല പഞ്ചായത്തിന് സമീപം വരെ 40ല്‍പ്പരം പെട്ടിക്കടകള്‍ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ, റെവന്യു വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച ഉദ്യോഗസ്ഥയുടെ അപകട മരണത്തിന് ഇടയാക്കിയ സംഭവത്തെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. റോഡരികിലെ അനധികൃത പെട്ടിക്കടകള്‍ നീക്കം ചെയ്യണമെന്ന് പോലിസും മോട്ടോര്‍ വാഹന വകുപ്പും കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. കാക്കനാട് കേന്ദ്രീയ ഭവനിലെ സിഐഎസ്എഫ് അസി.സബ് ഇന്‍സ്‌പെക്ടര്‍ അമ്പളിയാണ് കഴിഞ്ഞ ബുധനാഴ്ച റോഡരികിലെ കുഴിയില്‍ വീണ് മരിച്ചത്. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ എയര്‍പോര്‍ട്ട് റോഡില്‍ പലയിടത്തും ടാറിങ്ങില്‍ നിന്ന് താഴ്്ന്നും കുണ്ടും കുഴിയുമാണെന്നും ഇതോടൊപ്പം റോഡരികിലെ അനധികൃത പെട്ടിക്കടകള്‍ പൊളിച്ചു നീക്കാനും റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കാക്കനാട് ഭാഗത്തെ അനധികൃത പെട്ടിക്കടകള്‍ നീക്കാന്‍ നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് റസിഡന്‍സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതി പരിഗണിച്ച കലക്ടര്‍ അനധികൃത കടകള്‍ നീക്കാന്‍ റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പെട്ടിക്കട നടത്തിപ്പുകാര്‍ക്ക് റവന്യൂ അധികൃതര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയ ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. ഇന്ന് ഒലിമുകള്‍ ഭാഗത്തെയും കാക്കനാട് ജങ്ഷനിലെ തിരക്കേറിയ ഭാഗങ്ങളിലെയും കടകള്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അപകട സാധ്യതകള്‍ കണക്കിലെടുത്ത് എവിടെയെല്ലാം റോഡരികിലെ കടകള്‍ നീക്കം ചെയ്യണമെന്ന് പൊലിസും മോട്ടോര്‍ വാഹന വകുപ്പും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ എന്‍ ശ്രീനിവാസന്‍ അഡീഷണല്‍ തഹസില്‍ദാര്‍ രാധിക, കാക്കനാട് വില്ലേജ് ഓഫിസര്‍ പി പി ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്  പെട്ടിക്കടകള്‍ പൊളിച്ചു നീക്കിയത്.
പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്ന് സീപോര്‍ട്ട് എയര്‍പോര്‍ട് റോഡില്‍ പ്രത്യേക സാമ്പത്തിക മേഖല പരിസരത്ത് ഉള്‍പ്പെടെ കഴിഞ്ഞ മഴക്കാലത്ത് മൂന്ന് പ്രാവശ്യം പൊളിച്ച് നീക്കിയ പെട്ടിക്കടകളുടെ സ്ഥാനത്ത് വീണ്ടും കടകള്‍ സ്ഥാനം പിടിക്കുകയായിരുന്നു. മേഖല പരിസരത്ത് കമ്പിവേലി കെട്ടിയാണ് കൈയേറ്റം തടഞ്ഞത്.
Next Story

RELATED STORIES

Share it