thrissur local

പൂര വിളംബരമായി തെക്കേ ഗോപുരനട തുറന്നു



തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് വിളംബരമായി നൈതലക്കാവിലമ്മ തെക്കേഗോപുരനട തുറന്നു. ആര്‍പ്പുവിളികളും ആരവങ്ങളുമുയര്‍ന്ന മുഹൂര്‍ത്തത്തി ല്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തെക്കേഗോപുരനട തള്ളിതുറന്നത്. ഭക്തിക്കൊപ്പം പൂരാവേശവും നിറച്ചുകൊണ്ടായുരുന്നു 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന്റെ വിളംബരമറിയിച്ചുകൊണ്ട്  നൈതലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നത്. പൂരദിവസം ആദ്യം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവിനും മറ്റ് ദേവീദേവന്‍മാര്‍ക്കും  വേണ്ടിയാണ് ദേവിയുടെ പൂരത്തലേന്നുള്ള തെക്കേഗോപുരനട തുറക്കല്‍ ചടങ്ങ്. രാവിലെ വിശേഷാല്‍ പൂജകള്‍ക്കും ആറാട്ടിനും ശേഷം നടപ്പാണ്ടിയുടെ അകമ്പടിയോടെ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറി നൈതലക്കാവിലമ്മ പൂരനഗരിയിലെത്തി. തുടര്‍ന്ന് മണികണ്ഠനാലില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ മേളത്തിന് ശേഷം നൈതലക്കാവിലമ്മ വടക്കുംന്നാഥന്റെ ശ്രീമൂലസ്ഥാനത്തേയ്ക്ക്. പിന്നെ നിലപാട് തറയില്‍ നെയ്തലക്കാവിലമ്മ കയറി നിന്നതോടെ തൃശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് മൂന്ന് തവണ മാരാര്‍ ശംഖ് നാഥം മുഴക്കി. തുടര്‍ന്ന് പടിഞ്ഞാറെ ഗോപുരനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച ശേഷം കൊമ്പ് പറ്റ്, കുഴല്‍പ്പറ്റ്,കേളി എന്നിവ കഴിഞ്ഞ് തെക്കേ ഗോപുരനട ഭഗവതി തള്ളിത്തുറന്നു. ചടങ്ങിന് മുന്നോടിയായി തടിച്ചു കൂടിയ പൂര പ്രേമികളുടേയും ആനപ്രേമികളുടെയും കണ്ണും മനസും നിറച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നെയ്തലക്കാവിലമ്മയ്ക്ക് വേണ്ടി  തെക്കേഗോപുരനട തുറന്നത്.
Next Story

RELATED STORIES

Share it