kannur local

പൂരക്കളിയും ഗവേഷണങ്ങളും പ്രോല്‍സാഹിപ്പിക്കും : മന്ത്രി



പയ്യന്നൂര്‍:  വടക്കന്‍ കേരളത്തിന്റെ സ്വന്തം കലയായ പൂരക്കളിയുടെ പരിപോഷണത്തിനും അതേക്കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സാംസ്‌കാരിക വകുപ്പിനു കീഴില്‍ സ്വതന്ത്രമായ പൂരക്കളി അക്കാദമി ആരംഭിച്ചതെന്ന് മന്ത്രി എ കെ ബാലന്‍. കേരള പൂരക്കളി അക്കാദമിയുടെ ഉദ്ഘാടനം കണ്ടോത്ത് ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്ര പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ വിജയത്തിനാവശ്യമായ എല്ലാ സഹായവും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. സര്‍ക്കാര്‍ 100 കോടി ചെലവില്‍ 20 ഗ്രാമങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന സിനിമാ തിയേറ്ററുകളിലൊന്ന് പയ്യന്നൂര്‍ മണ്ഡലത്തിലായിരിക്കും. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ജൂലൈ അവസാനവാരം തലശ്ശേരിയില്‍ നടക്കും. സാധാരണ തിരുവനന്തപുരത്തെ ഏതെങ്കിലും തിയേറ്ററില്‍ ചെറിയ സദസ്സനെ സാക്ഷിയാക്കി നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങ് കൂടുതല്‍ ജനകീയമാക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണിത്. 1000 കലാകാരന്‍മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പായി 10,000 രൂപ വീതം നല്‍കുന്നതിന് 13.5 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചു. നാടന്‍ കലാരംഗങ്ങളില്‍ പുതുതലമുറയുടെ പങ്കാളിത്തം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അത് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുമ്പയിലെ ഡിടിപിസി കെട്ടിടത്തില്‍ താല്‍ക്കാലികമായി ആരംഭിച്ച ഓഫിസും മന്ത്രി ഉദ്ഘാടനം ചെയ്തു. അക്കാദമി ആരംഭിക്കുന്നതിന് വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കും. അക്കാദമിക്കായി 25 ലക്ഷം രൂപ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു. ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ ടി വി രാജേഷ്, എം രാജഗോപാല്‍, അഡ്വ. ശശി വട്ടക്കൊവ്വല്‍,  കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ സി എച്ച് സുരേന്ദ്രന്‍ നായര്‍, അക്കാദമി സെക്രട്ടറി കെ വി മോഹനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it