Idukki local

പുഷ്പഗിരി തേയില ഫാക്ടറി നിര്‍മാണം അന്തിമ ഘട്ടത്തില്‍



ചെറുതോണി: തങ്കമണി സഹകരണ ബാങ്കിന്റെ സംരംഭമായ പുഷ്പഗിരി തേയില ഫാക്ടറി നിര്‍മാണം അന്തിമ ഘട്ടത്തില്‍. ജനുവരിയില്‍ ആരംഭിച്ച ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. കേന്ദ്രസഹായത്തോടെ ആറുകോടി രൂപ ചിലവിലാണ് 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഫാക്ടറി നിര്‍മിച്ചത്. സഹകരണ ബാങ്ക് സ്വന്തമായി വാങ്ങിയ രണ്ടരയേക്കര്‍ സ്ഥലത്താണ് ഫാക്ടറി. കേന്ദ്ര ടീബോര്‍ഡിന്റെ ഒരു കോടി 75 ലക്ഷം രൂപയും ജില്ലാ ബാങ്കിന്റെ സഹകരണത്തോടെ ഐസിഡിപി സ്‌കീമില്‍ 3.5 കോടി രൂപയും ഒരു കോടി രൂപ തങ്കമണി സഹകരണ ബാങ്കിന്റെ തനതു ഫണ്ടില്‍ നിന്നും നീക്കി വച്ചാണ് നിര്‍മാണം പൂര്‍ത്തിയാവുന്നത്. കട്ടപ്പന, വാഴവര, വെള്ളയാംകുടി, നാരകക്കാനം, തോപ്രാംകുടി, തങ്കമണി പ്രദേശങ്ങളിലെ 3500 ഓളം ചെറുകിട തേയില കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഫാക്ടറി. ഈ പ്രദേശത്ത് ഏകദേശം 6000 ഏക്കര്‍ സ്ഥലത്ത് തേയില കൃഷി ചെയ്യുന്നുണ്ട്. കൊളുന്ത് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സീസണില്‍ പലപ്പോഴും ഈ പ്രദേശങ്ങളിലെ കൊളുന്തുകള്‍ വന്‍കിട ഫാക്ടറിക്കാര്‍ സ്വീകരിക്കാറില്ലായിരുന്നു. കൊളുന്തുകള്‍ കൂട്ടിയിട്ട് നശിച്ച് പോവുന്ന സ്ഥിതിയും ഉണ്ടായിരുന്നു. പ്രതി ദിനം 21,000 കിലോ തേയില അരച്ച് പൊടിക്കാന്‍ കഴിയുന്ന ഏറ്റവും ആധുനികമായ സൗകര്യത്തോടു കൂടിയ ഫാക്ടറിയാണ് പണിതുയര്‍ത്തിയിട്ടുള്ളത്. ഒരു ദിവസം 4500 കിലോ തേയില പൊടി ഉല്‍പാദിപ്പിക്കാന്‍ കഴിയും. 16,000 കിലോ കൊളുന്ത് വിരിച്ചിടാനുള്ള സംരംഭണശാലയും പണി തീര്‍ത്തിട്ടുണ്ട്. ഈ മാസം 20ന് ട്രയല്‍ റണ്‍ നടത്തും. ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണു തീരുമാനം. ഫാക്ടറിയുടെ നിര്‍മാണ പുരോഗതി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി വിലയിരുത്തി. കെഎസ്ആര്‍ടിസി ഡയറക്ടര്‍ സി വി വര്‍ഗീസ്, സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഡയറക്ടര്‍ ബോര്‍ഡംഗം കെ സി ബിജു, സെക്രട്ടറി എ ജെ രവീന്ദ്രന്‍ എന്നിവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it