Kollam Local

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം : ജുഡീഷല്‍ കമ്മീഷന്‍ ഇന്ന് പരവൂര്‍ സന്ദര്‍ശിക്കും



കൊല്ലം: പരവൂര്‍ പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പുതിയ ജുഡീഷല്‍ കമ്മീഷന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഇന്ന് പരവൂര്‍ സന്ദര്‍ശിക്കും. വൈകീട്ട് 4.30ഓടെയാണ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പരവൂരിലെത്തുക.ദുരന്തം നടന്ന് കൃത്യം ഒരു വര്‍ഷവും പത്ത് ദിവസവും പിന്നിടുമ്പോഴാണ് കമ്മീഷന്‍ പരവൂരില്‍ എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തിന് ആണ് രാജ്യത്തെ നടുക്കിയ 110 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്. അന്ന് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.റിട്ട. ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായരെയാണ് അന്ന് അന്വേഷണ കമ്മീഷനായി നിയമിച്ചത്. എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനുള്ള ഒരു അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിനെ രാജി അറിയിച്ചു. ഇത് സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരി കൊളുത്തിയതോടെ കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ അതിന് വഴങ്ങിയില്ല. ഒടുവില്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയായിരുന്നു. ഇത് ഇപ്പോഴത്തെ ഇടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് പി എസ് ഗോപിനാഥനെ കമ്മീഷനായി നിയമിച്ചത്. ഈ കമ്മീഷന്റെ പ്രവര്‍ത്തനം എറണാകുളത്തെ ജിസിഡിഎ കോംപ്ലക്‌സില്‍ ആരംഭിച്ച് കഴിഞ്ഞു. എറണാകുളം കേന്ദ്രീകരിച്ചായിരിക്കും കമ്മീഷന്‍ പ്രവര്‍ത്തിക്കുക. ഓഫിസ് പ്രവര്‍ത്തനം എറണാകുളത്ത് ആണങ്കിലും ക്യാമ്പ് ഓഫീസ് പരവൂരില്‍ ഉണ്ടാകുമെന്നാണ് വിവരം.ക്യാംപ് സിറ്റിങ് പരവൂരിലും കൊല്ലത്തുമായി നടക്കും. കമ്മീഷന്റെ ടേംസ് ഒഫ് റഫറന്‍സ് നിശ്ചയിച്ച് കഴിഞ്ഞു. സെക്രട്ടറിയെയും സര്‍ക്കാര്‍ നിയോഗിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനം സുഗമമായും അടിയന്തരമായും പൂര്‍ത്തീകരിക്കുന്നതിനും ഒരു അഭിഭാഷകന്റെ സേവനം കൂടി സര്‍ക്കാര്‍ ലഭ്യമാക്കും.
Next Story

RELATED STORIES

Share it