പുനസ്സംഘടനയ്ക്ക് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം കൊണ്ടുവരും

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുനസ്സംഘടനയ്ക്കു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ഗനിര്‍ദേശം കൊണ്ടുവരും. ഇതിന്റെ ഭാഗമായി സംസ്ഥാന നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഒറ്റയ്‌ക്കൊറ്റയ്ക്കായി ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരോടു നാളെ ഡല്‍ഹിയിലെത്താന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയത്. പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണിയും യോഗത്തില്‍ പങ്കെടുക്കും.
യോഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസ്സംഘടനയ്ക്കു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനാണു രാഹുലിന്റെ നീക്കം. പുനസ്സംഘടന സംബന്ധിച്ചു രാഹുല്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നേതാക്കളെ അറിയിക്കും.
ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കാതെ പ്രവര്‍ത്തനമികവിനു മാത്രം മുന്‍ഗണന നല്‍കിയുള്ള മാര്‍ഗനിര്‍ദേശങ്ങളാവും രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുക. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അപൂര്‍വ ഇടപെടലാണിത്. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും സംസ്ഥാന കോണ്‍ഗ്രസ്സില്‍ തമ്മിലടിക്കു ശമനം വന്നിട്ടില്ലെന്ന തിരിച്ചറിവിലാണു യോഗം. പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെ ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരനും രാഹുലുമായി ചര്‍ച്ചനടത്തി ഗ്രൂപ്പുകള്‍ക്കതീതമായി പുനസ്സംഘടന നടത്താനുള്ള അനുമതിയുമായി മടങ്ങി. പ്രതിപക്ഷസ്ഥാനം ചെന്നിത്തലയ്ക്കു വിട്ടുകൊടുത്ത് പുതിയ സ്ഥാനങ്ങളൊന്നും സ്വീകരിക്കാതെ സമ്മര്‍ദ്ദം ചെലുത്തുന്ന ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ വരാതെ പകരം ഗ്രൂപ്പ് നേതാവ് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഡല്‍ഹിയിലേക്ക് അയക്കുകയായിരുന്നു.
ഇന്നലെ ഡല്‍ഹിയിലെത്തിയ തിരുവഞ്ചൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ എന്നിവരുമായി ചര്‍ച്ചനടത്തി. സുധീരന്റെ ഏകപക്ഷീയ ഇടപെടലാണു കനത്ത തോല്‍വിക്കു കാരണമെന്നും ഗ്രൂപ്പുകള്‍ക്ക് അതീതമായി പുനസ്സംഘടനയെന്ന പേരില്‍ സുധീരന്‍ സ്വന്തം ഗ്രൂപ്പിനെ വളര്‍ത്താനാണു ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പരാതിപ്പെട്ടു. ഇത്തരത്തില്‍ സുധീരന്‍ ഏകപക്ഷീയ നീക്കവുമായി മുന്നോട്ടുപോവുകയും ഇതിന് അനുകൂലമായി ഹൈക്കമാന്‍ഡ് നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ അതു സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ കനത്ത പൊട്ടിത്തെറിക്ക് ഇടവരുത്തുമെന്നും തിരുവഞ്ചൂര്‍ മുന്നറിയിപ്പുനല്‍കി.
തനിക്കൊപ്പമുള്ളവര്‍ക്കെതിരേ കടുത്ത ആരോപണമുന്നയിച്ച് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് സുധീരനാണെന്ന ഉമ്മന്‍ചാണ്ടിയുടെ രോഷം തിരുവഞ്ചൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണു പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മന്‍ചാണ്ടി നിരാകരിച്ചതെന്നും ഏകപക്ഷീയ പുനസ്സംഘടനാ നടപടികളാണ് കൈക്കൊള്ളുന്നതെങ്കില്‍ ഒരു സ്ഥാനവും സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു താല്‍പര്യമില്ലെന്നും തിരുവഞ്ചൂര്‍ സൂചിപ്പിച്ചു. ഇതോടെയാണ് കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാനായി രാഹുല്‍ എല്ലാവരെയും ഒന്നിച്ചു വിളിപ്പിച്ചത്.
സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് നേതാക്കള്‍ തങ്ങളുടെ ഗ്രൂപ്പിനുവേണ്ടിപ്രവര്‍ത്തിച്ചത് പരാജയ കാരണമായതായാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it