പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബത്തിന്റെ പരാതി



സ്വന്തം പ്രതിനിധി

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നിവേദനം നല്‍കി. രാവിലെ ക്ലിഫ് ഹൗസിലെത്തിയാണു ശാശ്വതീകാനന്ദയുടെ സഹോദരങ്ങളായ രാജേന്ദ്രനും ശാന്തകുമാരിയും ശകുന്തളയും വിജയനും മുഖ്യമന്ത്രിയെ കണ്ടത്.
സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് സഹോദരങ്ങള്‍ ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയരായ വെള്ളാപ്പള്ളി നടേശന്‍, പ്രിയന്‍, സൂക്ഷ്മാനന്ദ, സ്വാമിയുടെ സഹായികളായ സാബു, സുഭാഷ് എന്നിവരുടെ പങ്ക് കണ്ടെത്തുന്നതിനു ശാസ്ത്രീയ പരിശോധന നടത്തണം.
നേരത്തെ നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. അവര്‍ സ്വാധീനത്തിനു വഴങ്ങിയിട്ടുണ്ടെന്നു സംശയിക്കുന്നു. മരണകാരണം സംബന്ധിച്ച് ഇപ്പോള്‍ ചാനലുകള്‍വഴി പലരും വ്യത്യസ്ത നിലപാടുകളാണു സ്വീകരിക്കുന്നത്.
സ്വാമിയുടേതു സ്വാഭാവികമരണമാണെന്ന സൂക്ഷ്മാനന്ദയുടെ പ്രതികരണം സംശയം ജനിപ്പിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം. നേരത്തെ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്നും സഹോദരങ്ങള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സഹോദരങ്ങള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടാവുമെന്നാണു പ്രതീക്ഷയെന്നും ഇവര്‍ അറിയിച്ചു. തുടരന്വേഷണം നടത്തുന്നകാര്യം ചര്‍ച്ചചെയ്യുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നു രാവിലെ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും സഹോദരങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it