ernakulam local

പുത്തന്‍വേലിക്കര പാലം നാളെ തുറന്നു കൊടുക്കും

പറവൂര്‍: ചേന്ദമംഗലം, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ പുത്തന്‍വേലിക്കര സ്‌റ്റേഷന്‍കടവ് —വലിയ പഴമ്പിള്ളിത്തുരുത്ത് പാലം നാളെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വി ഡി സതീശന്‍ എംഎല്‍എ അറിയിച്ചു. പലവിധ അനിശ്ചിതത്വങ്ങള്‍ക്കും കാലതാമസങ്ങള്‍ക്കും ശേഷമാണ് പാലം യാഥാര്‍ഥ്യമാവുന്നത്.
അഞ്ചു പാലത്തിന്റെ നിര്‍മാണത്തിനുള്ള അദ്ധ്വാനം ഈ പാലത്തിനായി നടത്തിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പറവൂരിന്റെ ജനപ്രതിനിധി എന്ന നിലയില്‍ 17 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ക്ലേശകരമായ ഒന്ന് ആദ്യമായിട്ടാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഫെബ്രുവരി 26 ന് എല്‍ഡിഎഫ് ഭരണത്തിലാണ് പാലത്തിന് തറക്കല്ലിട്ടത്.
രണ്ട് വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. എന്നാല്‍ ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ അലൈന്‍മെന്റ് നിശ്ചയിക്കാതെയും അപ്രോച്ച് റോഡിന് സ്ഥലമുടമകളില്‍ നിന്നും അനുമതി വാങ്ങാതെയായിരുന്നു കല്ലിടല്‍ കര്‍മ്മം. ക്ഷേത്രവും മറ്റും ഒഴിവാക്കി അലൈന്‍മെന്റിന് അന്തിമരൂപം   നല്‍കുകയായിരുന്നു ആദ്യ കടമ്പ.
സ്ഥലം വിട്ടുകിട്ടുന്നതിന് വേണ്ടി ഉടമകളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട 22 ഉടമകള്‍ മുന്‍കൂറായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായത് മൂലം കുറെ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് എംഎല്‍എ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ കരാറുകാരനുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം നിര്‍മാണം നിലച്ചു.
നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കരാറുകാരന് അതുവരെയുള്ള നിര്‍മാണത്തിന് ചെലവഴിച്ച പണം നല്‍കി. എന്നാല്‍ ഈ പണം കരാറുകാരന്‍ മറ്റാവശ്യങ്ങള്‍ക്കുപയോഗിച്ചതിനാല്‍ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല.
കരാറുകാരന്‍ പാലം പണി ഉപേക്ഷിച്ചു. തുടര്‍ന്നുള്ള പണികള്‍ക്ക് വീണ്ടും കരാര്‍ നല്‍കിയപ്പോള്‍ കാലതാമസം കൊണ്ട് എസ്റ്റിമേറ്റ് തുക സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെ 21 കോടിയില്‍ നിന്നും 25 കോടിയായി ഉയര്‍ന്നു. കരാറുകാരന്റെ വീഴ്ചകൊണ്ട് സംഭവിച്ച അധികച്ചെലവ് നിയമപ്രകാരം കരാറുകാരനില്‍ നിന്നും ഈടാക്കണം. ഇതിനെതിരേ കരാറുകാരന്‍ കേസിനുപോയാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാലം പണി പൂര്‍ത്തിയാവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.
എന്നാല്‍ രണ്ടു പ്രാവശ്യം ടെണ്ടര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. തുടര്‍ന്ന് വീണ്ടും മന്ത്രിസഭയുടെ അനുമതിയോടെ കൊട്ടേഷന്‍ വാങ്ങി ടെണ്ടര്‍ തുക കൂട്ടി നല്‍കുകയായിരുന്നു. 2014 ജനുവരി 16 നായിരുന്നു ഇത്.
നാളെ രാവിലെ ഒന്‍പതരയ്ക്ക് പാലത്തിന് സമീപം ചേരുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ പാലം തുറന്ന് കൊടുക്കും. പ്രഫ.കെ വി തോമസ് എം പി, എസ് ശര്‍മ്മ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
Next Story

RELATED STORIES

Share it