thrissur local

പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : യുഡിഎഫിലെ വി എ നദീറിനു ജയം



മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വി എ നദീര്‍ വിജയിച്ചു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. യുഡിഎഫിലെ വി എ നദീര്‍, സിപിഐയിലെ സംഗീത അനീഷ്, സിപിഎമ്മിലെ വി എന്‍ രാജേഷ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ 15 മെമ്പര്‍മാര്‍ പങ്കെടുത്തു. 14 പേരാണ് വോട്ട് ചെയ്തത്. ബിജെപിയുടെ പ്രതിനിധിയായ രണ്ടാം വാര്‍ഡ് മെമ്പര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ വി എ നദീറിന് ഏഴ് വോട്ടും, സംഗീതക്ക് നാല് വോട്ടും, രാജേഷിന് മൂന്ന് വോട്ടും  ലഭിച്ചു. ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായ വി എന്‍ രാജേഷിന ഒഴിവാക്കി രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നപ്പോള്‍ നാലിനെതിരെ ഏഴ് വോട്ടിനാണ് കോണ്‍ഗ്രസിലെ വി എ നദീര്‍ വിജയിച്ചത്. കോണ്‍ഗ്രസ് പുത്തന്‍ചിറ മണ്ഡലം പ്രസിഡന്റാണ് നദീര്‍. കഴിഞ്ഞ മാസം ഒന്നാം തീയതി യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് പ്രസിഡന്റായിരുന്ന കെ വി സുജിത് ലാലിന്  സ്ഥാനം നഷ്ടമായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെയാളാണ് വി എ നദീര്‍. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യുഡിഎഫിന് പുത്തന്‍ചിറ പഞ്ചായത്ത് ഭരണം ലഭിക്കുന്നത്. പുതിയ സംഭവ വികാസത്തോടെ പുത്തന്‍ചിറയിലെ എല്‍ഡിഎഫ് രണ്ടായി പിളര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 15 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആറ് അംഗങ്ങള്‍ വീതവും ബിജെപിക്കും ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിനും യുഡിഎഫ് വിമതനുമായി ഓരോ അംഗവുമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് വിമതനായ എം പി സോണിയെ ആദ്യം എല്‍ ഡി എഫ്. പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് യുഡിഎഫ്-ജെസിഎംലെ സുജിത്ത്‌ലാലിനെ ഒപ്പം കൂട്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സോണിയെ പുറത്താക്കി. പിന്നീട് പ്രസിഡന്റ് സ്ഥാനം സുജിത്ത്‌ലാലിന് യു ഡി എഫ് നല്‍കുകയായിരുന്നു. തുടര്‍ന്ന് സുജിത്ത്‌ലാല്‍ സിപിഐ യുമായി ലയന ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ യുഡിഎഫ് പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറക്കാനുള്ള അംഗബലം ഇല്ലാത്തത് യുഡിഎഫിനെ വെട്ടിലാക്കി. ഇതിനിടയില്‍ വിമതനായതിന്റെ പേരില്‍ നടപടി നേരിട്ട എം പി സോണിയെ കോണ്‍ഗ്രസ് തിരിച്ചെടുത്തിരുന്നു. സുജിത് ലാലിനെ ചൊല്ലി സിപിഎം, സിപിഐ കക്ഷികള്‍ ചേരി തിരിഞ്ഞ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ പുത്തന്‍ചിറ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന് ലഭിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it