Flash News

പുതിയ ഹജ്ജ് നയം -കേന്ദ്രസര്‍ക്കാരിന്റേത് തുറന്ന സമീപനമാവുമെന്ന് പ്രതീക്ഷ : മന്ത്രി കെ ടി ജലീല്‍



കൊണ്ടോട്ടി: പുതിയ ഹജ്ജ് നയം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റേതു തുറന്ന സമീപനമാവുമെന്നാണു പ്രതീക്ഷയെന്ന് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ ടി ജലീല്‍. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കേരളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ നിര്‍ദേശങ്ങള്‍ തന്നെയായിരിക്കും മറ്റു സംസ്ഥാനങ്ങളും തിങ്കളാഴ്ച നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുക. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് ഹൗസ് മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ന്യൂനപക്ഷക്ഷേമ വകുപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. മദ്രസ അധ്യാപകര്‍, പള്ളികളിലെ ഇമാമുമാര്‍ എന്നിവര്‍ക്കായി വര്‍ഷത്തില്‍ ഒരിക്കല്‍ പരിപാടി സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പൊതുവായ കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുക, ബഹുസ്വര സമൂഹത്തിന്റെ പ്രധാന്യവും പ്രസക്തിയും ബോധ്യപ്പെടുത്തുക, സഹോദര മതത്തെക്കുറിച്ചുള്ള ധാരണ നല്‍കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് 2017 പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ അവലോകന യോഗവും ഹജ്ജ് ട്രെയ്‌നര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടന വും  മന്ത്രി നിര്‍വഹിച്ചു. അടുത്ത വര്‍ഷം മുതല്‍ സൗദി അറേബ്യയില്‍ സേവനം ചെയ്യുന്നതിനായുള്ള വോളന്റിയര്‍മാര്‍ക്ക് (ഖാദിമുല്‍ ഹുജ്ജാജ്) അറബി, ഹിന്ദി ഭാഷാപരിജ്ഞാനം വേണമെന്ന നിബന്ധന കൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. ഹജ്ജുമായും കര്‍മങ്ങളുമായും ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളുടെയും ലൈബ്രറി ഹജ്ജ് ഹൗസില്‍ ഒരുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it