പുതിയ ശക്തി മുന്നണിക്കിത് കന്നിയങ്കം

ചെന്നൈ: സന്നദ്ധ-യുവജന സംഘടനകളുടെ കൂട്ടായ്മയായ പുതിയ ശക്തി മുന്നണി (പിഎസ്എഫ്)ക്ക് തമിഴ്‌നാട്ടില്‍ ആദ്യ തിരഞ്ഞെടുപ്പ്. മെയ് 16നു നടക്കുന്ന വോട്ടെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക മുന്നണി പുറത്തിറക്കി. ലോക്‌സട്ട പാര്‍ട്ടി, സട്ട പഞ്ചായത്ത് ഇയങ്കം, ഓള്‍ തമിഴ്‌നാട് സ്റ്റുഡന്റ് അസോസിയേഷന്‍, ഇളയ ഭാരതം തുടങ്ങി സംസ്ഥാനത്തെ 50ലധികം സംഘടനകള്‍ ചേര്‍ന്നാണു മുന്നണി രൂപീകരിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു ചെറു സംഘടനകളുടെ കൂട്ടായ്മ രൂപപ്പെട്ടത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഈ മുന്നണിയിലില്ലെന്നതാണു വിരോധാഭാസം. എംഡിഎംകെ, വിസികെ, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പീപ്പിള്‍സ് വെല്‍ഫെയര്‍ മുന്നണിയിലാണ് ആം ആദ്മി പാര്‍ട്ടി.
11 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പിഎസ്എഫ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. 26നും 46നുമിടയില്‍ പ്രായമുള്ളവര്‍ മാത്രം ഉള്‍പ്പെടുന്ന പട്ടികയില്‍ എല്ലാ മതസ്ഥരും വിദ്യാസമ്പന്നരുമുണ്ട്.
അഴിമതി ഇല്ലാതാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരെയും വിദ്യാര്‍ഥികളെയുമാണ് ആദ്യ പട്ടികയില്‍ പരിഗണിച്ചതെന്നു മുന്നണിയുടെ നേതാക്കള്‍ പറഞ്ഞു. സുതാര്യമായ ഭരണത്തിന് തമിഴ്‌നാട്ടില്‍ മാറ്റം വേണമെന്നാണ് പിഎസ്എഫ് ആവശ്യപ്പെടുന്നതെന്ന് ലോക്‌സട്ട പാര്‍ട്ടി നേതാവ് ഡി ജഗദീശ്വരന്‍ പറഞ്ഞു. മുന്നണിയെ കുറിച്ച് വിശദമായറിയാന്‍ എല്ലാ മണ്ഡലങ്ങളിലും ഒരു മൊബൈല്‍ നമ്പര്‍ വിതരണം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it