kozhikode local

പുതിയപാലത്ത് വലിയപാലത്തിനായി കാത്തിരുന്നത് 35 വര്‍ഷം

കോഴിക്കോട്: പുതിയപാലത്ത് വലിയപാലം വരാന്‍ നഗരം കാത്തിരിക്കുന്നത് 35 വര്‍ഷം നഗരമധ്യത്തിലെ പുതിയപാലത്ത് വലിയ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കിഫ്്ബി സംഘം സ്ഥലത്തെത്തിയതോടെയാണ് പാലം പണിക്ക് തുടക്കമാവുന്നുവെന്ന തോന്നലുണ്ടായത്.
ഇത്രയേറെ തവണ ഫണ്ടനുവദിച്ചിട്ടും നിര്‍മാണം നടക്കാതെ പോയ ഏക പാലവും ഇതായിരിക്കാം. പ്രശസ്തമായ തളിക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് പാലം വന്നുകഴിഞ്ഞാല്‍ മീഞ്ചന്ത ബൈപ്പാസിലേക്ക് മുട്ടും. അവിടെ നിന്ന് വളയനാട് ക്ഷേത്രം വഴി രാമനാട്ടുകര ബൈപ്പാസിലേക്കും നീളുന്നു ഈ വഴി. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസകരമാവും പുതിയ പാലത്തെ പാലം. എന്നിട്ടും 35 വര്‍ഷക്കാലമായി പാലം പണി അനിശ്ചിതത്വത്തിലായി.
കനോലി കനാലിനു കുറുകെ ഇരുചക്രവാഹനങ്ങള്‍ക്ക് തന്നെ കഷ്ടിച്ചു കടന്നുപോകാവുന്ന പാലമാണ് പുതിയപാലം. നീളം 173 മീറ്റര്‍. 12 മീറ്റര്‍ വീതിയും. ഇത്രയും വലിപ്പമുള്ളതാണ് പുതിയതായി നിര്‍മിക്കേണ്ടുന്ന വലിയപാലം. കാലപ്പഴക്കത്തില്‍ പാലം പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് പാലം വഴിയുള്ള യാത്ര മുടക്കിയിട്ടും നാളേറെയായി. പുതിയ പാലത്തെ ഇടുങ്ങിയ അങ്ങാടി കോഴിക്കോടിന്റെ പഴമയുടെ അടയാളമാണ്. ഇത്രയും ഇടുങ്ങിയ അങ്ങാടി മറ്റെവിടേയും കാണില്ല. അതില്ലാതാകും. പാലം നിര്‍മ്മാണത്തിന് തടസമായി നിന്നിരുന്നത് തണ്ണീര്‍ത്തടം സംബന്ധിച്ച അനുമതിയായിരുന്നു. ആ കടമ്പയും എന്നേ കടന്നു. 2016 മാര്‍ച്ചില്‍ സ്ഥലമെടുപ്പിനായി 130 കോടി രൂപ അനുവദിച്ചിരുന്നു.
കല്ലായ് റോഡില്‍ നിന്നും സൗത്ത് കല്ലായ് റോഡ്, മൂര്യാട്, വഴി പുതിയപാലത്തേക്ക് എത്താം. ഫ്രാന്‍സിസ് റോഡില്‍ നിന്നും ചാലപ്പുറം, ചെമ്പകത്താഴം, ശ്്മശാനം വഴിയും പുതിയ പാലത്ത് എത്താം. പുതിയ വലിയപാലം വന്നാല്‍ ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം ബൈപ്പാസുകളിലേക്ക് പ്രവേശിക്കാനുള്ള പുതിയ പാത കൂടിയാണ് വരുന്നത്. സമീപത്തെ 46 സ്ഥലമുടമകളില്‍ നിന്നായി ഏതാണ്ട് ഒരേക്കര്‍ ഭൂമിയോളം ഇതിനായി ആവശ്യമുണ്ട്. നിലവിലുള്ള കടയുടമകള്‍ക്ക് ബദല്‍ സംവിധാനവും നല്‍കണം. 2017 ലെ ബജറ്റില്‍ തുക 60 കോടിയായി സംഖ്യ ഉയര്‍ത്തിയിട്ടുണ്ട്. കിഫ്്ബി ഫണ്ടില്‍ നിന്നാണ് പാലം നിര്‍മ്മാണത്തിനാവശ്യമായ തുക അനുവദിച്ചത്. പാലം എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന പ്രതീക്ഷയാണ് എംഎല്‍എ എം കെ മുനീറിനുമുള്ളത്.
Next Story

RELATED STORIES

Share it