Idukki local

പീരുമേട്ടില്‍ പട്ടയത്തിന്റെ പേരില്‍ പണപ്പിരിവ്



പീരുമേട്: താലൂക്കില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടക്കുന്നതായി ആക്ഷേപം.പുതിയതായി പട്ടയ അപേക്ഷകള്‍ ക്ഷണിച്ചതോടെയാണ് വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ചു പണപ്പിരിവ് സജീവമായത്. ഇവിടെ ഏജന്റുമാരുടെ ഇടപെടലുകള്‍ വളരെ ശക്തമാണ്. ഏക്കറുകണക്കിന് സ്ഥലമുള്ളവര്‍ക്കായാണ് ഇവരുടെ ഇടപെടല്‍. ചെറുകിട ആള്‍ക്കാര്‍ ഇവരുടെ ലിസ്റ്റില്‍ പെടാറില്ല.ഇവരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. സാധാരണക്കാരും വന്‍കിടക്കാരും പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍പ്പെടും. അപേക്ഷ സ്വീകരിച്ചതിന് ശേഷം വസ്തുവില്‍ വന്ന് മഹസര്‍ തയ്യാറാക്കുന്നത് മുതല്‍ പണപ്പിരിവ് ആരംഭിക്കും. പട്ടയം ലഭിക്കാന്‍ സ്വര്‍ണം പണയം വച്ചും കടംവാങ്ങിയും പണം കണ്ടെത്താന്‍ സാധാരണക്കാര്‍ ശ്രമിക്കും. സ്ഥലം അളന്ന് തിരിക്കുന്നതിന് റവന്യൂ അധികൃതര്‍ തന്നെ സര്‍വ്വേ നടത്തി സ്ഥലം അളന്ന് തിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇതിന് പകരം സ്ഥലം ഇവര്‍ സര്‍വ്വേ നടത്താതെ സ്വകാര്യ വ്യക്തികളെ കൊണ്ടുവന്ന് കംപ്യൂട്ടര്‍ സര്‍വ്വേ നടത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ സ്വകാര്യ വ്യക്തി സര്‍വ്വേ നടത്തുന്നതിന് ഏക്കര്‍ ഒന്നിന് 4000 രൂപയാണ് ഇവരില്‍ നിന്നും ഈടാക്കുന്നത്. ഇതിന് ശേഷം സ്ഥല പരിശോധനയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥനും വേണ്ടിയും പണപ്പിരിവ് നടത്തുന്നുണ്ട്. ഈ തുക നല്‍കിയാലെ പട്ടയം ലഭിക്കൂ. രഹസ്യമായി നടക്കുന്ന ഈ നീക്കം വിജിലന്‍സ് വിഭാഗത്തിനും അറിയാമെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. പട്ടയം ലഭിക്കാന്‍ വേണ്ടി മാത്രം താലൂക്കില്‍ ഇടനിലക്കാര്‍ സജീവമാണ്. ഓരോ വില്ലേജില്‍ നിന്നും എത്ര ഏക്കര്‍ വസ്തുവിന് പട്ടയം നല്‍കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്തി കൊടുക്കേണ്ടതാണ്. എന്നാല്‍ ഇതൊന്നും ഇവിടെ ബാധകമല്ല. ഇതിനിടയില്‍ വാഗമണ്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 654ല്‍ മാത്രമേ പട്ടയം കൊടുക്കുവാന്‍ പാടുള്ളൂ എന്ന ഉത്തരവ് ലംഘിച്ച് അപേക്ഷകര്‍ സ്വീകരിച്ച് അനധികൃത കൈയേറ്റക്കാര്‍ക്കും പട്ടയം കൊടുക്കുന്നതിന് നീക്കം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it