Flash News

പീഡനകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട അഷിത എവിടെ?



മഴ പറഞ്ഞു മരിച്ചുപോയെന്ന്,

വെയില്‍ പറഞ്ഞു ജനിച്ചിട്ടേയില്ലെന്ന്,

ഇടയില്‍ കയറി മഞ്ഞു പറഞ്ഞു,

ഇപ്പോഴുമുണ്ട്...

ഉരുകി ഉരുകി ഇങ്ങനെ!

ജേണലിസം ബിരുദധാരിയായ തലശ്ശേരി ധര്‍മടം സ്വദേശി ശുഹൈബ് മനത്തണത്ത് തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചത് വെറുമൊരു കവിതാശകലമല്ല, തന്റെ ജീവിതം തന്നെയാണ്.

ഹിന്ദുമതവിശ്വാസിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനി പാലയാട്ടെ അഷിതയെ പ്രണയിച്ചതിനു യുവാവിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അവളെ മാത്രമല്ല, ജീവിതം തന്നെയാണ്.

ലൗ ജിഹാദ് എന്ന കുപ്രചാരണമുയര്‍ത്തി മിശ്രവിവാഹിതരെപ്പോലും ക്രൂരമായി പീഡിപ്പിക്കുന്ന തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജം എന്ന ശിവശക്തി യോഗാ കേന്ദ്രത്തില്‍നിന്നു സാഹസികമായി രക്ഷപ്പെട്ട് ഇപ്പോഴും അജ്ഞാതകേന്ദ്രത്തില്‍ കഴിയുന്ന അഷിതയുടെ മാസങ്ങള്‍ നീണ്ട പീഡനകഥകള്‍ കേട്ടാല്‍ ഇതു കേരളം തന്നെയോ എന്നു സംശയിച്ചുപോവും.

സിനിമാക്കഥകളെ വെല്ലുന്ന തട്ടിക്കൊണ്ടുപോവലും പീഡനവുമാണ് യോഗാ കേന്ദ്രത്തില്‍ തനിക്കുണ്ടായതെന്ന് അഷിത തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പരീക്ഷാകേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയം സാഫല്യത്തിലെത്താന്‍ ഇനിയുമെത്ര കാത്തിരിക്കണമെന്നാണ് യുവാവിന്റെ ചോദ്യം. ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിക്കു കീഴില്‍ ജേണലിസം പഠിക്കുന്ന കാലത്ത് കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരേ നാട്ടുകാരായതോടെ കൂടുതല്‍ അടുത്തു. അതു പ്രണയത്തിലെത്തുമ്പോള്‍ സിപിഎം അനുഭാവിയായ യുവാവിനോ പെണ്‍കുട്ടിക്കോ മതമോ ജോലിയോ ഒന്നും തടസ്സമായിരുന്നില്ല.

കാലക്രമേണയാണ് അതിനു നിറംമാറിയത്. ഇതു തിരിച്ചറിഞ്ഞ യുവതിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 2016 ഡിസംബര്‍ അവസാനം തലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇരുവരും വിവാഹിതരാവുന്നതായി കാണിച്ച് ബോര്‍ഡില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. നോട്ടീസ് പതിച്ച് 30 ദിവസത്തിനുശേഷം ആക്ഷേപം ഉന്നയിച്ചില്ലെങ്കില്‍ ഏതുസമയവും രജിസ്റ്റര്‍ ചെയ്യാമെന്നാണു ചട്ടം.

ഇതിനിടെ, വനംവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായ പിതാവും അധ്യാപികയായ മാതാവും ബന്ധുവിന്റെ പ്രേരണയാല്‍ പ്രണയത്തെയും വിവാഹത്തെയും എതിര്‍ത്തു. അപകടം മണത്ത ഇരുവരും നാടുവിട്ടു. ഇടുക്കിയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു അഞ്ചുദിവസം കഴിഞ്ഞത്.

പെ ണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടെ, പെണ്‍കുട്ടിയുടെ പിതാവ് വിവാഹം കഴിപ്പിക്കാമെന്നു പറഞ്ഞ് അനുനയവുമായെത്തി. ഇതു വിശ്വസിച്ച് നാട്ടിലെത്തിയപ്പോഴേക്കും പോലിസ് പിടികൂടി. ധര്‍മടം പോലിസും തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമും സ്ഥലത്തെത്തി ഇരുവരുമായി ഏറെനേരം സംസാരിച്ചു.

യുവാവിനൊപ്പം തന്നെ പോവാനാണു പെണ്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചത്. പോലിസും പറഞ്ഞു അതാണു നല്ലതെന്ന്.

രാത്രി തലശ്ശേരിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോഴും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചു. അഭിഭാഷകനില്ലാതെയായിരുന്നു ഇരുവരുടെയും വരവ്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം തല്‍ക്കാലം താമസിക്കട്ടെയെന്നും പിന്നീട് യുവാവിനൊപ്പം അയക്കണമെന്നും നിര്‍ദേശിച്ചു. യുവാവിനൊപ്പം പോവാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്തയും പിറ്റേന്ന് പത്രങ്ങളില്‍ വന്നു.

ഇതനുസരിച്ചുള്ള പെണ്‍കുട്ടിയുടെ തിരിച്ചുപോക്ക് പീഡനപര്‍വങ്ങളിലേക്കായിരുന്നു. വീട്ടുതടങ്കല്‍പോലെയായിരുന്നു തുടര്‍ദിനങ്ങള്‍. കൗ ണ്‍സലിങ് പരമ്പരകള്‍ക്കും അവളെ മാറ്റാനായില്ല. ഒടുവി ല്‍ തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജത്തിലേക്കു കൊണ്ടുപോയി. ഇതെല്ലാം കാണിച്ച് മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. ഒരുമാസം കഴിഞ്ഞിട്ടും അവര്‍ക്ക് വിവാഹരജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായില്ല.

ഒരുമാസത്തോളം അവിടെ കഴിഞ്ഞശേഷം വീട്ടിലെത്തിയ അഷിത അമ്മൂമ്മയുടെ ഫോണില്‍ നിന്ന് ശുഹൈബിനെ വിളിച്ചു. സമാജത്തില്‍ കൊടുംപീഡനമാണെന്നും ഇനിയും വൈകരുതെന്നും അവള്‍ യാചിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നമുക്ക് ഒന്നിച്ചുപോവാമെന്നും റെഡിയാവണമെന്നും അവന്‍ മറുപടി നല്‍കി. ഉറക്കമരുന്നും മറ്റും തനിക്കു നല്‍കുന്നതായും അവള്‍ വെളിപ്പെടുത്തിയിരുന്നു. ഉമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്കൊന്നും മതം ഒരു തടസ്സമായിരുന്നില്ലെന്ന് ശുഹൈബ് പറഞ്ഞു.

പക്ഷേ, എല്ലാം തകിടംമറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരുദിവസം രാവിലെ ഫോ ണ്‍ ചെയ്തുകൊണ്ടിരിക്കെ അവളുടെ വീട്ടുവാതിലില്‍ മുട്ടി അകത്തുകയറിയ സംഘം അഷിതയെ പൊക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്ന് യുവാവ് ഇന്നലെയെന്നപോലെ ഓര്‍ത്തെടുത്തു. അരോഗദൃഢഗാത്രരായ നാലുപേര്‍ വാഹനത്തിലെത്തിയാണ് കൊണ്ടുപോയത്.

അകത്തെ ശബ്ദം പുറത്തുവരാത്തവിധത്തിലുള്ള വാഹനമായിരുന്നു അത്. ബഹളം കേട്ട് പരിസരവാസികളെത്തിയപ്പോള്‍, മോള്‍ക്ക് മാനസിക പ്രശ്‌നമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമായിരുന്നു മറുപടി. നേരെ എത്തിച്ചത് വിവാദ യോഗാ കേന്ദ്രത്തിലേക്ക്.

രണ്ടു യുവതികളും രണ്ടു പുരുഷന്‍മാരുമാണ് പീഡനങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്ന് അഷിത പറയുന്നു. ഉച്ചത്തില്‍ പാട്ട് വച്ച് ശബ്ദം പുറത്തുകേള്‍ക്കാത്ത വിധത്തിലാണ് മര്‍ദനം. വയറ്റിലുണ്ടോയെന്ന് ആക്രോശിച്ച് അടിവയറ്റില്‍ ചവിട്ടും. കൊല്ലാക്കൊല ചെയ്യുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ അവിടെയെത്തിയ ഏതു പെണ്ണിന്റെയും മനംമാറും.

ഇതരസംസ്ഥാനക്കാരിയായ യുവതി മൂന്നുദിവസം കൊണ്ട് മാനസിക വിഭ്രാന്തിയിലെന്നപോലെ പെരുമാറിയതായി അഷിത പറഞ്ഞ കാര്യം യുവാവ് ഓര്‍ക്കുന്നു(ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഹിന്ദു യുവതി ഇതര മതസ്ഥനെ വിവാഹം ചെയ്തതിനു യോഗാ കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചിരുന്നു.). ഇത്രയൊക്കെ പീഡനങ്ങളുണ്ടായിട്ടും അഷിതയ്ക്കു മാറ്റമുണ്ടായില്ല. ശുഹൈബിനെയും കുടുംബത്തെയും നശിപ്പിക്കുമെന്ന ഭീഷണിയായിരുന്നു പിന്നീട്.

ഇതിനിടെ ശുഹൈബ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ധര്‍മടം പോലിസ് ഇടപെട്ട് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കേന്ദ്രത്തിലെത്തി റെയ്ഡ് നടത്തുമെന്നും യുവാവിനൊപ്പം അവളെ വിടുമെന്നും പറഞ്ഞതോടെ വഴങ്ങിയ അവര്‍ അങ്ങനെ ഹൈക്കോടതിയിലേക്ക് അഷിതയെ കൊണ്ടുവന്നു.

തയ്യാറാക്കിയത്:ബഷീര്‍ പാമ്പുരുത്തി

ഏകോപനം: എം ടി പി റഫീക്ക്

ഭാഗം ഏഴ്‌ :ഹൈക്കോടതിയിലേക്ക് അഷിതയെ കൊണ്ടുവന്നത് വാള്‍മുനയില്‍

ഭാഗം ഒന്ന് ഇവിടെ വായിക്കാം:

 
Next Story

RELATED STORIES

Share it