Flash News

പി വി അന്‍വര്‍ എംഎല്‍എയുടെ ഭൂമിയിടപാടില്‍ ദുരൂഹത



കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഭൂമിയിടപാടിലെ വെട്ടിപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ കാണിച്ചിട്ടുള്ള ഭൂമിയില്‍ മിക്കതിനും അദ്ദേഹം നികുതി ഒടുക്കുന്നില്ലെന്നു തൃക്കലങ്ങോട് വില്ലേജ് ഓഫിസില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തന്റെ കൈവശമെന്ന് ഇദ്ദേഹം സത്യവാങ്മൂലം നല്‍കിയ പല ഭൂമിയും മറ്റു വ്യക്തികളുടെ കൈവശമാണെന്നാണ് രേഖ.മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകനായ പെരിന്തല്‍മണ്ണയിലെ ലോഹിതാക്ഷന് തൃക്കലങ്ങോട് വില്ലേജ് ഓഫിസില്‍ നിന്നു ലഭിച്ച രേഖയിലാണ് എംഎല്‍എയുടെ കൂടുതല്‍ നിയമലംഘനങ്ങള്‍ വ്യക്തമാവുന്നത്. 2011, 2014, 2016 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച മൂന്നു സത്യവാങ്മൂലങ്ങളിലും തൃക്കലങ്ങോട് വില്ലേജിലെ 62/241 സര്‍വേ നമ്പറില്‍ 199.782 ഏക്കര്‍ ഭൂമി തന്റെ പേരിലുള്ളതായി അന്‍വര്‍ വ്യക്തമാക്കുന്നു. എന്നാല്‍, വില്ലേജ് ഓഫിസില്‍ നിന്നു ലോഹിതാക്ഷന് ലഭിച്ച വിവരാവകാശ രേഖയില്‍, ഈ സര്‍വേ നമ്പറില്‍ 45.56 ഏക്കര്‍ (18.4200 ഹെക്ടര്‍) ഭൂമി മാത്രമേയുള്ളൂ എന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം 6.49 ഏക്കര്‍ ഭൂമിക്കു മാത്രമേ നികുതി ഒടുക്കിയിട്ടുള്ളൂ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, 377 നമ്പര്‍ തണ്ടപ്പേരിലുള്ള ഈ ഭൂമിയില്‍ ബാക്കി വരുന്നവ ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്‍, എല്‍സി സ്ഫടികം, തെമീന കൃപറാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ ഉടമസ്ഥതയിലാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാല്‍, വിവരാവകാശ രേഖയില്‍ ഇതു കാര്‍ഷികേതര ഭൂമിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ദുരൂഹമാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. എംഎല്‍എ തൃക്കലങ്ങോട് വില്ലേജില്‍ 62/243 സര്‍വേ നമ്പറില്‍ 2009ല്‍ വാങ്ങിയ 20.18 സെന്റ് ഭൂമി മാധ്യമങ്ങള്‍ 201 ഏക്കറായി തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഈ ന്യായീകരണത്തിനും സാധുതയില്ലെന്നു രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 2009 ല്‍ ഈ സര്‍വേ നമ്പറിലെ ഭൂമി അദ്ദേഹം വാങ്ങിയെങ്കില്‍ പിന്നീട് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും ഈ ഭൂമിയുള്ളതായി വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it