Flash News

പി ജയരാജനെതിരേ നടപടിക്ക് സിപിഎം



തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ നടപടിക്ക് സിപിഎം സംസ്ഥാന കമ്മിറ്റി. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നു കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതുസംബന്ധിച്ച പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. പ്രമേയം സംസ്ഥാനസമിതി അംഗീകരിച്ചിട്ടുണ്ട്. മഹത്വവല്‍ക്കരണത്തിനായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പവും തയ്യാറാക്കിയെന്നു പ്രമേയം ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാവില്ല. കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപോര്‍ട്ടിങ് നടത്താനും തീരുമാനമായി. വ്യക്തമായ തെളിവുകളുമായാണ് ജയരാജനെതിരേ സംസ്ഥാന കമ്മിറ്റി കര്‍ക്കശനിലപാട് കൈക്കൊണ്ടത്. ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകളും സംസ്ഥാനകമ്മിറ്റി പരിഗണിച്ചു. ഇതിനെതിരേ വൈകാരികമായാണ് ജയരാജന്‍ യോഗത്തില്‍ പ്രതികരിച്ചത്. തനിക്കെതിരായ നീക്കത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ജീവിതരേഖ തയ്യാറാക്കാന്‍ താനാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. രേഖ തയ്യാറാക്കിയത് താനല്ലെന്നും സംസ്ഥാനസമിതി അംഗമായ കെ കെ രാഗേഷ് ആണെന്നും ജയരാജന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തനിക്കുള്ള അഭിപ്രായം രേഖപ്പെടുത്തിയശേഷം ജയരാജന്‍ ഇറങ്ങിപ്പോയി. പാര്‍ട്ടിയുടെ നീക്കം അമ്പരപ്പിക്കുന്നതാണെന്നും ഇങ്ങനെയാണെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണു സൂചന.
Next Story

RELATED STORIES

Share it