പി കെ ശശിക്കെതിരേയും കോടിയേരിക്കെതിരേയും കേസെടുക്കണം: കെ മുരളീധരന്‍

തിരുവനന്തപുരം: എംഎല്‍എ പി കെ ശശിക്കെതിരേയും വനിതാ നേതാവിന്റെ പരാതി പൂഴത്തിവച്ചതിനു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും കേസെടുക്കണമെന്നു കെ മുരളീധരന്‍ എംഎല്‍എ. പി കെ ശശിക്കെതിരായ പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല പോലിസാണ്. പ്രതിപക്ഷ എംഎല്‍എക്കും ഭരണപക്ഷ എംഎല്‍എക്കും രണ്ടുതരം നീതിയാണ് നടപ്പാക്കുന്നത്. പീഡനവിവരം മറച്ചുവച്ചതിന് മലപ്പുറത്ത് തിയേറ്റര്‍ ഉടമയ്‌ക്കെതിരേ കേസെടുത്തു. കോടിയേരിയും സമാന കുറ്റമാണ് ചെയ്തത്. പീഡന പരാതിയില്‍ യുഡിഎഫ് എംഎല്‍എയെ അറസ്റ്റ് ചെയ്ത് ഒരു മാസം സഭയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. സംഭവത്തില്‍ കേന്ദ്ര നേതാവ് വൃന്ദാ കാരാട്ട് അടക്കം കുറ്റക്കാരാണ്. മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഭരണകാലത് സ്ത്രീകള്‍ സുരക്ഷിതരായിരിക്കും എന്നാണ്. സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവ് എംഎല്‍എക്ക് എതിരേ പരാതി പറയുമ്പോള്‍ മൂന്ന് ആഴ്ചയായിട്ടും നടപടിയെടുത്തില്ലെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയതോടെ സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയുണ്ടായി. ഒന്നാം ദിവസം കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനെ ചൊല്ലി മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും കശപിശയുണ്ടായി. രണ്ടാം ദിവസം മന്ത്രിമാരെ അറിയിക്കാതെ സ്‌കൂള്‍ കലോല്‍സവവും ചലച്ചിത്രമേളയും ഒഴിവാക്കി. വരുംദിവസങ്ങളില്‍ ഭരണസ്തംഭനമുണ്ടാവുമെന്ന് ആശങ്കയുണ്ട്. എലിപ്പനി, ഡെങ്കിപ്പനി മരണം വര്‍ധിച്ചു. ഈ സമയം ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിദേശത്താണ്. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന യാത്ര ഒഴിവാക്കേണ്ടതായിരുന്നു. എല്ലാം വിറ്റുപെറുക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനാണോയെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it