പി കെ ശശിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പോലിസിന് കൈമാറും

തിരുവനന്തപുരം: സ്ത്രീപീഡകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. പി കെ ശശിക്കെതിരായ ആരോപണം സംബന്ധിച്ച്, ആവശ്യമെങ്കില്‍ യുവതിയുടെ സമ്മതത്തോടെ പോലിസിനു പരാതി കൈമാറുമെന്ന് എം എ ബേബി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. എ കെ ബാലനും പി കെ ശ്രീമതിയും നടത്തുന്ന അന്വേഷണത്തിന്റെ റിപോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. പരാതി നല്‍കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, പോലിസിന് പരാതി നല്‍കാന്‍ സഖാവ് തീരുമാനിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാരും എല്ലാ പിന്തുണയും ആ സഖാവിനു നല്‍കും. പോലിസ് കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്ന് പാര്‍ട്ടിക്ക് ബോധ്യമായാല്‍, യുവസഖാവ് സമ്മതിച്ചാല്‍ പരാതി പോലിസിന് കൈമാറുമെന്നും ബേബി വ്യക്തമാക്കി. കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ തയ്യാറാവാത്ത കത്തോലിക്കാ സഭയുടെ പുരുഷാധിപത്യ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ സത്യഗ്രഹം നടത്തേണ്ടിവന്നത് അസാധാരണമായ സാഹചര്യമാണ്. പോലിസ് ഇക്കാര്യത്തില്‍ നിയമപരമായ നടപടി ഉടന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്ന് ഉറപ്പുണ്ട്. എന്നാല്‍, കത്തോലിക്കാസഭാ നേതൃത്വം ഇക്കാര്യത്തില്‍ നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയെ വിശ്വസിച്ച്, ജീവിതം സഭയ്ക്കു സമര്‍പ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. സഭയുടെ പുരുഷാധിപത്യപരമായ ഈ സമീപനം പുനപ്പരിശോധിക്കണമെന്നാണ് അഭിപ്രായമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് മുന്‍കൈയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും എം എ ബേബി കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it