palakkad local

പിലാക്കാട്ടിരിയിലെ മാതൃകാ അംഗന്‍വാടി ഉദ്ഘാടനം കഴിഞ്ഞ് 46 ാം ദിനത്തില്‍ ചോര്‍ച്ച തുടങ്ങി



സി കെ ശശിപച്ചാട്ടിരി

ആനക്കര: പിലാക്കാട്ടിരിയില്‍ 14 ലക്ഷം ചിലവഴിച്ച്്് നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടം ചോര്‍ന്നൊലിക്കുന്നു. മഴയുളള ദിവസം അംഗന്‍വാടി തുറന്നാല്‍ ഒരു മണിക്കൂര്‍ നേരം വെള്ളം മുക്കി ഒഴിക്കേണ്ട അവസ്ഥയാണ്.ജില്ലയിലെ മാതൃകാ അംഗന്‍വാടിയുടെ പ്രത്യേകതകള്‍ എന്തെന്ന് ചോദിച്ചാല്‍ ഇവിടെ പഠിക്കുന്ന കുട്ടികള്‍ ഇങ്ങനെ ഉത്തരം പറയും.ഏസിയുണ്ട്.ചോര്‍ച്ചയുമുണ്ട്. മഴയുളളപ്പോള്‍ വെളളം നനഞ്ഞ് കളിക്കാം. നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ മാതൃകാ അംഗന്‍വാടിയിലാണ് കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ചോര്‍ച്ചയുള്ള കെട്ടിടം നല്‍കിയത്. കെട്ടിട വാര്‍പ്പ് അടിയിലാണ് കിനിവ് ഇത് വാതില്‍,കട്ടില എന്നിവിടങ്ങളില്‍വരെ നീളുന്നു. ഉദ്ഘാടനം കഴിഞ്ഞ് തുടക്കത്തില്‍ പെയ്ത മഴയിലാണ് ഈ അവസ്ഥയെങ്കില്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ എങ്ങിനെയാകുമെന്ന് കണ്ടറിയണം.കഴിഞ്ഞ ഏപ്രില്‍ 29ന് ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട അങ്കണവാടിയാണിത്. വി.ടി ബല്‍റാം എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സൗകര്യമുള്ള അങ്കണവാടിയാണിത്. 15 ലക്ഷത്തോളം രൂപയാണ് നിര്‍മാണച്ചെലവ്. എറണാകുളം ആസ്ഥാനമായുള്ള എഫ്ആര്‍ബിഎല്‍ എന്ന ഏജന്‍സിക്കായിരുന്നു നിര്‍മാണ ചുമതല. ചെങ്കല്ലും ഇഷ്ടികയും ഒഴിവാക്കി ജിപ്‌സവും ഫൈബര്‍ ഗ്ലാസ്സും മഗ്‌നീഷ്യ, സിലിക്ക തുടങ്ങിയ രാസപദാര്‍ഥങ്ങളും ചേര്‍ത്തുണ്ടാക്കിയ ഉത്പന്നമാണ് ചുമര്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്. എന്നാല്‍, മഴ തുടങ്ങിയതോടെ ചുമരുകളിലൂടെയും േമല്‍ക്കൂരയിലൂടെയും വെള്ളം ചോര്‍ന്നൊലിക്കാന്‍ തുടങ്ങുകയായിരുന്നു. കുട്ടികളുടെ പഠനമുറിയിലാണ് കൂടുതല്‍ ചോര്‍ച്ചയുള്ളത്. മഴ പെയ്തതോടെ പഠനമുറി വെള്ളം തളം കെട്ടിനില്‍ക്കുന്ന സ്ഥിതിയിലേക്കുമാറി. എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമമുറിയിലും ചോര്‍ച്ചയുണ്ട്. പുറമേനിന്ന് നോക്കുന്നവര്‍ക്ക് മനോഹരമെന്ന് തോന്നിക്കുന്ന അംഗന്‍വാടിയിലാണ് കുട്ടികള്‍ക്ക് ദുരിതമനുഭവിേക്കണ്ടി വരുന്നത്. രണ്ടുമാസ കാലാവധിക്കുള്ളില്‍ ചോര്‍ച്ചയനുഭവപ്പെട്ട അംഗന്‍വാടി കെട്ടിടത്തിലേക്ക് കുട്ടികളെ പഠിക്കാന്‍ വിടുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആധിയുമുണ്ട്. ഇതിനു പുറമേ, അങ്കണവാടിക്ക് പ്രവേശന കവാടത്തില്‍ സുരക്ഷിതമില്ലാത്തതും രക്ഷിതാക്കളുടെ ആശങ്കക്ക് കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it