palakkad local

പിന്നാക്കവിഭാഗക്കാരുടെ വരുമാന പരിധി മൂന്നുലക്ഷമാക്കും: മുഖ്യമന്ത്രി

പാലക്കാട്: പിന്നാക്ക വിഭാഗത്തിലുള്ളവരുടെ വാര്‍ഷിക വരുമാന പരിധി  മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ (കെഎസ്ബിസിഡിസി) ‘എന്റെ വീട്’ ഭവന പദ്ധതിയുടെ വായ്പാ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവില്‍ ഒബിസി വിഭാഗക്കാര്‍ക്ക് വീടിനുളള ആനുകൂല്യം ലഭിക്കുന്നതിന്  വാര്‍ഷിക വരുമാനപരിധി 1.2 ലക്ഷമാണ്. അതിനാല്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട് അതിനാലാണ് വരുമാന പരിധി വര്‍ധിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെയാണ് കെഎസ്ബിസിഡിസി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ വഴി നല്‍കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ അമ്പത് ലക്ഷത്തില്‍ നിന്നും ഒരു കോടിയായി വര്‍ധിപ്പിച്ചു.
ഒരു കോടിയില്‍ നിന്നും രണ്ടു കോടിയാക്കി മൈക്രോ ക്രെഡിറ്റ് വായ്പ തുക വര്‍ധിപ്പിക്കും. കുറഞ്ഞ പലിശ നിരക്കില്‍ വേഗത്തില്‍ വായ്പ ലഭിക്കുന്നതിനാല്‍ ‘എന്റെ വീട്’ പദ്ധതിക്ക് നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. വീടില്ലാത്തവര്‍ക്ക് വീടെന്ന ലക്ഷ്യമായി ആവിഷ്‌കരിച്ച ലൈഫ് പദ്ധതിയുടെ അനുബന്ധമായാണ് എന്റെ വീട്’ പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി-വര്‍ഗ - പിന്നാക്കക്ഷേമ - നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായി. കെഎസ്ബിസിഡിസി വഴി ജില്ലയില്‍ രണ്ടായിരം കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഭരണ-പ്രതിപക്ഷ ഭേദമെന്യേയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാവുന്ന പ്രവര്‍ത്തനങ്ങളാണ് കെഎസ്ബിസിഡിസിയുടേതെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപ്രദേശത്ത് ആറ് സെന്റും നഗരപ്രദേശത്ത് അഞ്ച് സെന്റും ഭൂമിയുള്ള ഒബിസി വിഭാഗക്കാര്‍ക്ക് 7.5 മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ മൂന്ന് ഗഡുക്കളായി പത്ത് ലക്ഷം രൂപ വരെ വായ്പയായി നല്‍കും. ഈ വര്‍ഷം 450 കോടി വായ്പയായി വിതരണം ചെയ്യും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ എം ബി രാജേഷ് എംപി വിതരണം ചെയ്തു. എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടി, പിഉണ്ണി, കെ ബാബു, കെഎസ്ബിസിഡിസി ചെയര്‍മാന്‍ സംഗീത് ചക്രപാണി, മാനെജിങ് ഡയറക്റ്റര്‍ കെ ടി ബാലഭാസ്‌കരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it