Flash News

പിതാവിന്റെ കൊലപാതകം; മകന് വധശിക്ഷ

പിതാവിന്റെ കൊലപാതകം; മകന് വധശിക്ഷ
X
hang

ദോഹ: പിതാവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് 20കാരനായ സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍ത്തിയിട്ട വാഹനത്തില്‍ ഏതാനും ബന്ധുക്കളോടൊപ്പം ഇരിക്കുകയായിരുന്നു ഇരുവരും. ഈ സമയത്ത് പിതാവും മകനും തമ്മില്‍ എന്തോ കാര്യത്തെച്ചൊല്ലി വഴക്കടിക്കുകയും പിതാവ് മകന്റെ കഴുത്തില്‍ പിടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായി വാഹനത്തിലുണ്ടായിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നുവെന്ന് മകന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഒരു നിമിഷത്തേക്ക് തന്റെ മനോനില നഷ്ടമായെന്നും കുത്തിയ ശേഷമാണ് സ്വബോധം തിരിച്ചുകിട്ടിയതെന്നും പ്രതി കോടതിയില്‍ അവകാശപ്പെട്ടു. സംഭവത്തിന് ശേഷം പ്രതി സ്വയം തന്നെ പോലിസില്‍ കീഴടങ്ങുകയായിരുന്നു.പ്രതി ചിത്തഭ്രമം ബാധിച്ചയാളാണെന്നും മാനസിക നില പരിഗണിച്ച് കുറ്റക്കാരനായി കണക്കാക്കരുതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, സംഭവ സമയത്ത് ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാനുള്ള കഴിവ് പ്രതിക്കുണ്ടായിരുന്നുവെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മനോരോഗ വിദഗ്ധര്‍ കോടതിയില്‍ മൊഴി നല്‍കി. പ്രതിക്ക് വധശിക്ഷ നല്‍കണോ അതോ രക്തധനം നല്‍കിയാല്‍ മതിയോ എന്ന് മാതാവിന്റെ അഭിപ്രായം അറിയുന്നതിന് കേസ് പല തവണ മാറ്റിവച്ചിരുന്നു. ഇളയ സഹോദരന് പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതി ജയിലില്‍ തുടരും. വധശിക്ഷ സംബന്ധിച്ച് സഹോദരന്റെ നിയമപരമായ അഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് ഇത്. ആ സമയത്ത് കുടുംബത്തിന്റെ മനസ്സ് മാറുകയാണെങ്കില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയാന്‍ ഇടയുണ്ട്.
Next Story

RELATED STORIES

Share it