പിണറായി നയിക്കും

പിണറായി നയിക്കും
X
pinarayi

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെ സാക്ഷിയാക്കിയായിരുന്നു യെച്ചൂരിയുടെ പ്രഖ്യാപനം.
മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഐകകണ്‌ഠ്യേന പിണറായിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്രനേതൃത്വം ഇതിനോടു യോജിച്ചു. തീരുമാനത്തില്‍ വി എസ് എതിര്‍പ്പൊന്നും അറിയിക്കാതിരുന്നതോടെ പ്രഖ്യാപനം യെച്ചൂരിതന്നെ നടത്തി. 25ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാവും അന്തിമതീരുമാനം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള ബിജെപി- കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. മന്ത്രിമാരെ തീരുമാനിക്കുന്നതിനു നാളെയും മറ്റന്നാളുമായി എകെജി സെന്ററില്‍ സംസ്ഥാന സമിതി ചേരുന്നുണ്ട്.
വി എസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണെന്ന് യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസ്‌ട്രോയെ പോലെ എല്ലാ കാലത്തും പാര്‍ട്ടിക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വി എസ് ഉണ്ടാവും. വിഎസ് പടക്കുതിരയാണ്. പ്രചാരണം അദ്ദേഹം മുന്നില്‍നിന്നു നയിച്ചു. വിഎസിന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ചാണു മറ്റൊരു നേതാവിനെ മുഖ്യമന്ത്രി പദവിയിലേക്കു കണ്ടത്. വിഎസിന് മറ്റെന്തെങ്കിലും പദവി നല്‍കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
വാര്‍ത്താസമ്മേളനത്തിലുടനീളം മൗനംപാലിച്ച വി എസ് നിര്‍വികാരനായാണു കാണപ്പെട്ടത്. അദ്ദേഹം ഇന്നു മാധ്യമങ്ങളെ കാണുന്നുണ്ട്. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും ചേര്‍ന്നത്. വിഎസിന് ഒരുവര്‍ഷം മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്നു സംസ്ഥാന കമ്മിറ്റിയംഗം പിരപ്പന്‍കോട് മുരളി നടത്തിയൊരഭിപ്രായമല്ലാതെ ഒരുഘട്ടത്തിലും അദ്ദേഹത്തെ ആരും പരിഗണിച്ചതേയില്ല. പിണറായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചകാര്യം പാര്‍ട്ടി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാണു കേന്ദ്രനേതാക്കള്‍ വിഎസിനെ അറിയിച്ചത്. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയാവാനുള്ള സന്നദ്ധത വിഎസ് യെച്ചൂരിയെ അറിയിച്ചെന്നാണു സൂചന. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഇതു പരിഗണിച്ചില്ല. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കേന്ദ്രനേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അതിനു നില്‍ക്കാതെ എകെജി സെന്ററില്‍ നിന്നു മടങ്ങുകയായിരുന്നു വിഎസ്. യെച്ചൂരിയെക്കൂടാതെ എസ് രാമചന്ദ്രന്‍പിള്ള, പ്രകാശ് കാരാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ്സും ബിജെപിയും തിരഞ്ഞെടുപ്പില്‍ രഹസ്യബാന്ധവമുണ്ടായിരുന്നുവെന്ന എല്‍ഡിഎഫിന്റെ ആരോപണം ശരിയാണെന്ന് ഫലം വന്നപ്പോള്‍ തെളിഞ്ഞതായി സീതാറാം യെച്ചൂരി പറഞ്ഞു. നേമത്ത് ബിജെപിക്കുവേണ്ടി കോണ്‍ഗ്രസ് വോട്ടു മറിച്ചു. പല മണ്ഡലങ്ങളിലും ഇരുവരും തമ്മില്‍ ഒത്തുകളി നടന്നു. എല്‍ഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണു വലിയ വിജയം നേടാനായത്. ബംഗാളിലെ കോണ്‍ഗ്രസ് ബാന്ധവം തിരിച്ചടിയായോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അച്യുതാനന്ദനും പിണറായി വിജയനും എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാവുമെന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ തര്‍ക്കങ്ങളില്ലാതെ തീരുമാനമെടുക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന് നേട്ടമായി.
Next Story

RELATED STORIES

Share it