പിജി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ സാധ്യത

എസ് ഷാജഹാന്‍

പത്തനംതിട്ട: കേരള സര്‍വകലാശാലയില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള വടംവലി മൂലം പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിജ്ഞാപനം യഥാസമയം ഇറക്കാന്‍ കഴിയാതെ വന്നതിനാല്‍ പുതിയ രജിസ്‌ട്രേഷന് കാത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി അവസരം നഷ്ടപ്പെടാന്‍ സാധ്യത. തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വന്നതിനാല്‍ രജിസ്‌ട്രേഷന്‍ വിജ്ഞാപനം വീണ്ടും രണ്ടരമാസം കൂടി താമസിക്കുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുന്നതുള്‍പ്പെടെയുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ 11ന് അക്കാദമിക് കൗണ്‍സില്‍ ചേരാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതോടെ പ്രതീക്ഷകള്‍ എല്ലാം പാളിയ അവസ്ഥയിലാണ്. ഇക്കൊല്ലം എന്തുവന്നാലും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നായിരുന്നു സര്‍വകലാശാല സിന്‍ഡിക്കേറ്റ് കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് വിവിധ പാരലല്‍ കോളജുകളില്‍ പഠനം ആരംഭിച്ച വിദ്യാര്‍ഥികളും ഏറെയാണ്. കേരള സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ബിരുദത്തിന് പുറമെ ബിരുദാനന്തര ബിരുദത്തിനുകൂടി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനരാരംഭിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
സര്‍വകലാശാലയുടെ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി സിന്‍ഡിക്കേറ്റ് അനുമതി ലഭിച്ചിട്ടും അക്കാദമിക് കൗണ്‍സിലിന്റെകൂടി അനുമതി വാങ്ങാനുള്ള നടപടി വൈസ് ചാന്‍സലര്‍ താമസിപ്പിക്കുകയായിരുന്നുവെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ആര്‍ അശോക്കുമാര്‍ ചൂണ്ടിക്കാട്ടി. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള ഗൈഡിനെ നിയമിക്കുന്നത് സംബന്ധിച്ചും വിസിയും സിന്‍ഡിക്കേറ്റും തര്‍ക്കം തുടര്‍ന്നതാണ് അക്കാദമിക് കൗണ്‍സില്‍ യോഗം നീണ്ടുപോവാന്‍ ഇടയാക്കിയത്.
വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന അധികൃതരുടെ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങള്‍ പാരലല്‍ കോളജ് അസോസിയേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനാണ് അസോസിഷേന്റെ നീക്കം.
Next Story

RELATED STORIES

Share it