Flash News

പിഎസ്‌സിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തി



പി എം അഹ്മദ്

കോട്ടയം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടു പിഎസ്‌സിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ അട്ടിമറിച്ചതായി വിവരാവകാശ രേഖ. കോട്ടയം പമ്പാവാലി സ്വദേശി കെ കെ ഷിജു നല്‍കിയ പരാതിയാണ് മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍ ഓഫിസ് പൂഴ്ത്തിവച്ചത്. കേരളാ പിഎസ്‌സി 315/ 2007, 316/ 2007, 317/ 2007 കാറ്റഗറികളിലായി അപേക്ഷ ക്ഷണിച്ചു നടത്തിയ പരീക്ഷാ നടപടികളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും നിയമനങ്ങളിലും വ്യാപക ക്രമക്കേട് നടന്നെന്നു കാണിച്ചു കഴിഞ്ഞ സപ്തംബര്‍ ഏഴിനാണ് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ഷിജു നേരിട്ട് പരാതി നല്‍കിയത്. തുടര്‍ന്ന്, സപ്തംബര്‍ 26ന് പരാതി സംബന്ധിച്ച തുടര്‍നടപടികളുടെ പുരോഗതി അറിയുന്നതിനു ഷിജു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ പരാതിയുടെ 170900124 ഫയല്‍ നമ്പര്‍ പ്രകാരം തുടര്‍നടപടികള്‍ക്കായി ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഓണ്‍ലൈനായി നല്‍കിയിട്ടുണ്ടെന്ന് ഒക്ടോബര്‍ ആറിന് മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍ സെക്ഷന്‍ ഓഫിസര്‍ സിഎംസിസി-3/331/ 2017 - സിഎംസിസി എന്ന നമ്പര്‍ പ്രകാരം മറുപടി നല്‍കി.  ഈ പരാതിയുടെ തുടര്‍നടപടികള്‍ അറിയുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ലഭിച്ച മറുപടിയുടെ പകര്‍പ്പുമായി ഒക്ടോബര്‍ 25ന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ അയച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍ ഓഫിസ് വ്യക്തമാക്കുന്ന ഫയല്‍ നമ്പറില്‍ ഒരു കത്ത് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പില്‍ നാളിതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഒക്ടോബര്‍ 23ന് അവിടെ നിന്നു ലഭിച്ച മറുപടി. ഇതോടെയാണ് പിഎസ്‌സിെക്കതിരായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് അട്ടിമറിച്ചതായി വ്യക്തമായത്. മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍ ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് ഓഫിസിലേക്ക് ഓണ്‍ലൈനില്‍ കൈമാറിയ പരാതി 47 ദിവസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന മറുപടി അവിശ്വസനീയമാണ്. അതേസമയം, ഇതേ പരാതി 2016 നവംബര്‍ മൂന്നിന് എം സ്വരാജ് എംഎല്‍എയുടെ കത്ത് സഹിതം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തി അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെ കൈവശം നല്‍കിയിരുന്നെന്നും നേരിട്ടുനല്‍കിയ പരാതി ലഭിച്ചില്ലെന്നു വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതിനാലാണ് വീണ്ടും പരാതിപരിഹാര സെല്ലില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.പിഎസ്‌സിക്കെതിരായ   ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍  ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it