പിഎഫ് പെന്‍ഷന്‍ വിധി സ്വാഗതാര്‍ഹം: കൊടിക്കുന്നില്‍

തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2014 സപ്തംബറില്‍ കൊണ്ടുവന്ന ഭേദഗതി വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും മുന്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എംപി സ്വാഗതം ചെയ്തു.
നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാന്‍ പിഎഫ് നിയമത്തില്‍ മാറ്റം വരുത്താനും തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ വെട്ടിച്ചുരുക്കാനുമാണ് ശ്രമിച്ചത്. ഇതിനെതിരേ തൊഴിലാളി സംഘടനകളും പെന്‍ഷന്‍ സംഘടനകളും നിരവധി നിവേദനങ്ങളാണ് കേന്ദ്രസര്‍ക്കാരിനു നല്‍കിയത്. കേരളത്തില്‍ നിന്നുള്ള താനടക്കമുള്ള എംപിമാര്‍ ലോക്‌സഭയിലും തൊഴില്‍ മന്ത്രാലയത്തിലെ സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളിലും ഇത് ഉന്നയിച്ചെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവാതെ വന്നപ്പോഴാണ് പെന്‍ഷന്‍ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പെന്‍ഷന്‍ ഫണ്ട് ചുരുങ്ങുമെന്നു പറഞ്ഞ് തൊഴിലാളികള്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ നിഷേധിക്കാനാവില്ലെന്ന കോടതി നിരീക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. പെന്‍ഷന് അര്‍ഹമായ പരമാവധി ശമ്പളം പ്രതിമാസം 15,000 രൂപയാക്കി നിജപ്പെടുത്തിയത് കോടതി റദ്ദാക്കിയിരിക്കുകയാണ്. എത്രയും വേഗം വിധി നടപ്പാക്കാന്‍ തയ്യാറാവണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it