Middlepiece

പാവം പോലിസ് കമ്മീഷണര്‍ ഐപിഎസ്!

പാവം പോലിസ് കമ്മീഷണര്‍ ഐപിഎസ്!
X


സംസ്ഥാനത്തെ പോലിസ് ആസ്ഥാനം തിരുവനന്തപുരത്താണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പോലിസ് ആസ്ഥാനം നോക്കുകുത്തിയായി. പോലിസ് മേധാവി വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോയി കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട സ്ഥിതിയായി. സുപ്രിംകോടതിയുടെ ഉത്തരവില്‍ ടി പി സെന്‍കുമാര്‍ പോലിസ് മേധാവിയായതോടെ പോലിസ് ആസ്ഥാനം ഭരണക്കാരുടെ ശത്രുകേന്ദ്രവുമായി. പിന്നെ കാര്യങ്ങളുടെ പോക്ക് പറയേണ്ടതില്ലല്ലോ. പാര്‍ട്ടി താല്‍പര്യങ്ങള്‍ അനുസരിച്ചാണ് പോലിസില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്. അതിനു വേണ്ടി പാര്‍ട്ടിനേതാവിനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം കൊടുത്തു നിയമിച്ചിട്ടുണ്ട്. പോലിസ് ആസ്ഥാനം ഇപ്പോള്‍ ഇവിടെയാണ്. കണ്ണൂരിലെ നേതാവായതിനാല്‍ നേരത്തെത്തന്നെ പല പോലിസ് ഉദ്യോഗസ്ഥരും ശത്രുപട്ടികയില്‍ അകപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഒരു അക്രമസംഭവം ഉണ്ടായാല്‍ പാര്‍ട്ടി കൊടുക്കുന്ന പട്ടിക അനുസരിച്ച് പ്രതികളെ ചേര്‍ക്കണം. അതിനു തയ്യാറാവാത്തവര്‍ ആ സ്ഥാനത്ത് അധികനാള്‍ ഉണ്ടാവില്ല. ഇതാണ് സ്ഥിതി. സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാനും ചാര്‍ജ് ചെയ്യാനും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം മുകളില്‍ നിന്നു ഫോണ്‍വിളികളാണ്!  കോഴിക്കോട്ടെ സിറ്റി പോലിസ് കമ്മീഷണര്‍ കെ ജയനാഥിന് ഉണ്ടായ അനുഭവം വേദനാജനകമാണ്. വെറും അഞ്ചു മാസമേ അദ്ദേഹം ഇവിടെ പദവിയില്‍ ഇരുന്നിട്ടുള്ളൂ. ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം ജനകീയനായി. അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഏവരുടെയും ആദരവ് പിടിച്ചുപറ്റി. തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കാന്‍ ഓപറേഷന്‍ സ്വസ്ഥി, അനധികൃത പരസ്യ ബോര്‍ഡുകള്‍ ഒഴിവാക്കല്‍, ക്ലീന്‍ സിറ്റി സേഫ് സിറ്റി പദ്ധതി, മയക്കുമരുന്നു മാഫിയകള്‍ക്കെതിരേയുള്ള നടപടികള്‍- ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ പരാതികള്‍ ഏതു നേരത്തും കേള്‍ക്കാനും പരിഹാരം ഉണ്ടാക്കാനും അദ്ദേഹം ശ്രമിച്ചുപോന്നു. എന്നാല്‍, അദ്ദേഹത്തിന് ഒരു ചീത്ത ഗുണം കൂടിയുണ്ടായിരുന്നു. പാര്‍ട്ടിനേതാക്കളുടെ ന്യായമല്ലാത്ത ശുപാര്‍ശകള്‍ സ്വീകരിക്കില്ല. കമ്മീഷണറുടെ കഷ്ടകാലം ജൂണ്‍ 9നു പുലര്‍ച്ചെ തുടങ്ങുന്നു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പുലര്‍ച്ചെ പോവുമ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കു നേരെ ബോംബ് എറിഞ്ഞത് ആ സമയത്താണ്. സംഭവം നടക്കുമ്പോള്‍ കമ്മീഷണര്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അസി. കമ്മീഷണറോട് അങ്ങോട്ടു പോകാന്‍ അദ്ദേഹം നിര്‍ദേശിച്ചു. സംഭവത്തിനു പുറത്തുനിന്നുള്ള സാക്ഷികളില്ല. സിപിഎം ജില്ലാ സെക്രട്ടറിയും ഓഫിസില്‍ ഉണ്ടായിരുന്ന രണ്ടു സഖാക്കളും മാത്രമാണ് സാക്ഷികള്‍. പൊട്ടിയ ബോംബിന്റെ ചീളുകള്‍ ഓഫിസ്മുറ്റത്തു ചിതറിക്കിടക്കുന്നു. താന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതാണെന്ന് ജില്ലാ സെക്രട്ടറി പ്രസ്താവിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓഫിസ് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും അതുതന്നെ പറഞ്ഞു. ബോംബ് എറിഞ്ഞവര്‍ ബിജെപിക്കാരാണെന്ന് ആദ്യം പറഞ്ഞത് പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെയാണ്. ബിജെപിക്കാരുടെ പേരുവിവരം നല്‍കാന്‍ കഴിഞ്ഞില്ല. അത് കേസ് അന്വേഷിക്കുന്ന പോലിസിന്റെ പണിയാണ്. ബിജെപിക്കാരെ തിരഞ്ഞാല്‍ പ്രതികളെ കിട്ടുമെന്ന സൂചന നല്‍കി എന്നു മാത്രം. പോലിസ് ഊര്‍ജിത അന്വേഷണം തുടങ്ങി. പോലിസ് നായയെത്തി. നിരീക്ഷണ കാമറകള്‍ പരിശോധിച്ചു. തെളിവിന്റെ ഒരു തുമ്പുപോലും കിട്ടുന്നില്ല. ജില്ലാ സെക്രട്ടറിയെയും കൂടെയുണ്ടായിരുന്നവരെയും പോലിസ് ചോദ്യംചെയ്യാന്‍ തുടങ്ങി. സഖാക്കള്‍ക്ക് അത് ഇഷ്ടമായില്ല. ബിജെപിക്കാരായ ചിലരുടെ പേരുകള്‍ പാര്‍ട്ടി ഓഫിസില്‍ നിന്നു കമ്മീഷണര്‍ക്കു നല്‍കിയത്രേ. കമ്മീഷണര്‍ അതു കൊട്ടയിലിട്ടു. മുഖ്യമന്ത്രി കോഴിക്കോട്ട് വന്ന ദിവസം സിപിഎം നേതാക്കള്‍ സങ്കടം ഉണര്‍ത്തിച്ചു. ഉടനെ സിറ്റി പോലിസ് കമ്മീഷണറെ സ്ഥലം മാറ്റാന്‍ കല്‍പനയായി. അദ്ദേഹം മാറിയിട്ട് ഒരാഴ്ചയായി. ഇപ്പോഴും പാര്‍ട്ടി ഓഫിസ് കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല! അന്വേഷണത്തിന് ഒരു തുമ്പുണ്ടാക്കാനും കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിക്കാരുടെയും അതൃപ്തിക്കു കാരണക്കാരനായ കമ്മീഷണറെ അഭിനന്ദിച്ചുകൊണ്ട് ഉത്തരമേഖലാ ഡിജിപി പോലിസ് ആസ്ഥാനത്തേക്ക് കത്തയച്ചിട്ടുണ്ട്. പ്രതികാര നടപടിക്കു വിധേയനാക്കിയ കമ്മീഷണര്‍ക്ക് മികച്ച സേവനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉത്തരമേഖലാ ഡിജിപിയെ എപ്പോഴാണ് സ്ഥലം മാറ്റുക എന്നു കണ്ടറിയണം.
Next Story

RELATED STORIES

Share it