പാല്‍ വില ചാര്‍ട്ട് പരിഷ്‌കരണം എങ്ങുമെത്തിയില്ല

കെ എം അക്ബര്‍

ചാവക്കാട്: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുമ്പോള്‍ പാല്‍ വില ചാര്‍ട്ട് പരിഷ്‌കരണം എങ്ങുമെത്തിയില്ല. പാലിന്റെ ഗുണവ്യത്യാസമനുസരിച്ച് വ്യത്യസ്ത വില നിശ്ചയിക്കുന്ന ചാര്‍ട്ടിന് അടിസ്ഥാനമാക്കുന്ന ഘടകങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന കര്‍ഷകരുടെ പരാതികളാണ് പാല്‍ വില ചാര്‍ട്ട് പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കിയത്. അത്യുല്‍പാദന ശേഷിയുള്ള കന്നുകാലികള്‍ വന്നതിന് ശേഷവും പഴയ വില നിര്‍ണയ രീതികള്‍ അവലംബിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
പാല്‍ വില ചാര്‍ട്ട് പരിഷ്‌കരിച്ചാല്‍ നഷ്ടത്തിന്റെ തോത് ഒരു പരിധിവരെ കുറയ്ക്കാനാവുമെന്നും കര്‍ഷകര്‍ പറയുന്നു.
ചാര്‍ട്ട് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ശക്തമാക്കിയതോടെ ഇതിനായി വിദഗ്ധസമിതിയെ നിശ്ചയിക്കുമെന്നും ഇതില്‍ കര്‍ഷകപ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കെ സി ജോസഫും ക്ഷീരവികസന വകുപ്പ് ഡയറക്ടറും രേഖാമൂലം ഉറപ്പു നല്‍കി. എന്നാല്‍, ഇതു സംബന്ധിച്ച് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ തീരുമാനം അട്ടിമറിക്കാനെന്നോണം നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിനെക്കൊണ്ട് ഇതേക്കുറിച്ച് പഠനം നടത്താനുള്ള നീക്കം അണിയറയില്‍ നടക്കുകയാണെന്നാണ് ക്ഷീര കര്‍ഷകരുടെ ആരോപണം. കാര്‍ഷിക കോളജിന്റെയും ക്ഷീരവികസന വകുപ്പിന്റെയും പഠന റിപോര്‍ട്ടുകള്‍ നിലവിലുള്ളപ്പോഴാണ് മറ്റൊരു പഠനം വരുന്നത്. നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പഠനം കേരളത്തിനു തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നിലവില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലിനു വില നിര്‍ണയിക്കുന്ന മില്‍മയുടെ അതേ പാത തന്നെയാണ് സംസ്ഥാനത്തെ മറ്റു സ്വകാര്യ ഏജന്‍സികളും പിന്തുടരുന്നത്. നിലവിലെ ചാര്‍ട്ട് പ്രകാരം പാലിന്റെ വില നിര്‍ണയ രീതികള്‍ അശാസ്ത്രീയമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് 12,50,000 ലിറ്റര്‍ പാല്‍ വില്‍ക്കുന്നതായാണ് മില്‍മയുടെ കണക്ക്. എന്നാല്‍, പ്രതിദിനം 10,80,000 ലിറ്റര്‍ പാലാണ് കേരളത്തിലെ ഉല്‍പാദനം. ബാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്.
നിലവില്‍ ഒരു ലിറ്റര്‍ പാലിനു മില്‍മ നല്‍കുന്ന ശരാശരി വില 28, 29 രൂപയാണ്. അതേസമയം, ഒരു ലിറ്റര്‍ പാലിന്റെ ശരാശരി ഉല്‍പാദന ചെലവ് 35 രൂപയാണെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പശുക്കളുടെ വില കുത്തനെ ഉയര്‍ന്നു. പത്തു ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിനെ വാങ്ങണമെങ്കില്‍ കുറഞ്ഞത് അരലക്ഷം രൂപയാവും. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല് എന്നിവയ്ക്കുള്ള ചെലവുകള്‍ കൂടിയതായും കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it