wayanad local

പാല്‍ച്ചുരം റോഡ് നാലുവരിയാക്കും



മാനന്തവാടി: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വയനാട്ടുകാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന പാല്‍ച്ചുരം വഴിയുള്ള റോഡ് നാലുവരിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഒ ആര്‍ കേളു എംഎല്‍എ പറഞ്ഞു. മാനന്തവാടി-ചെറുപുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചൂട്ടക്കടവില്‍ നിര്‍വഹിക്കുകായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറു റോഡുകളാണ് നാലുവരി പാതകളായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടതാണ് മാനന്തവാടി-പാല്‍ച്ചുരം റോഡും. മാനന്തവാടി വഴി തലശ്ശേരി-മൈസൂരു റെയില്‍വേക്കായി  സംസ്ഥാന സര്‍ക്കാര്‍ വളരെ വേഗത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇതു സംബന്ധിച്ച അന്തിമ റിപോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 8.60 കോടി രൂപയുടെ 8 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും ഏതാനും പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പ്രദിപ ശശി, പി ടി ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, കടവത്ത് മുഹമ്മദ്, പി വി ജോര്‍ജ്, ശോഭ രാജന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം രജീഷ്, മാനുവല്‍ ചേനന്‍കുളം, കെ പി വിജയന്‍, എം ആര്‍ മനോജ് സംസാരിച്ചു.
Next Story

RELATED STORIES

Share it