wayanad local

പാലിയേറ്റീവ് കെയര്‍ ദിനാചരണം നാളെ; ജില്ലയില്‍ വിപുലമായ പരിപാടികള്‍

കല്‍പ്പറ്റ: ആതുരസേവന രംഗത്ത് സംസ്ഥാനത്ത് തന്നെ മാതൃകയായ വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ (ഡബ്ല്യുഐപി) നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം സംഘടിപ്പിക്കുന്നു. മാറാരോഗികള്‍, കിടപ്പുരോഗികള്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവരുടെ പരിചരണം സാമൂഹിക ബാധ്യതയാണെന്ന ഓര്‍മപ്പെടുത്തലാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍ എന്നിവ പതിക്കല്‍, ലഘുലേഖ വിതരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, വോളന്റിയര്‍ പരിശീലനം, ഫണ്ട് ശേഖരണം, വിളംബരജാഥ തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇരുപതോളം പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളാണ് സംഘടനയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
നിര്‍ധനരായ മുഴുവന്‍ രോഗികള്‍ക്കും ആവശ്യമായ മരുന്നുകള്‍, വേദനാ സംഹാരികള്‍ എന്നിവ സൗജന്യമായാണ് നല്‍കുന്നത്.
കൂടാതെ കിഡ്‌നി രോഗികള്‍ക്ക് പ്രത്യേക സമ്പത്തിക സഹായവും റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ ആവശ്യമുള്ള കാന്‍സര്‍ രോഗികള്‍ക്ക് യാത്രാച്ചെലവ് എന്നിവയും പല യൂനിറ്റുകളിലും നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് നടന്ന ചില പഠനങ്ങളില്‍ വയനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരുന്നതായാണ് കാണുന്നത്. എന്നാല്‍, ഇതു ചികില്‍സിക്കുന്നതിനാവശ്യമായ സൗകര്യങ്ങളോടെയുള്ള ഒരു ആശുപത്രി പോലും ജില്ലയിലില്ല.
തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ നിന്നുള്ളവര്‍ പ്രധാനമായി ചികില്‍സ തേടുന്നത്. ജില്ലയില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര മെഡിക്കല്‍ സെന്ററും അനുവദിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ആരംഭിച്ചിട്ടില്ല.
ഇതിനുശേഷം പ്രഖ്യാപിച്ച മഞ്ചേരി, ഇടുക്കി, പാലക്കാട് മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ചുവപ്പുനാടയില്‍ ഒതുങ്ങാതെ പെട്ടെന്നു തന്നെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യുഐപി ചെയര്‍മാന്‍ ഗഫൂര്‍ തനേരി, ജനറല്‍ സെക്രട്ടറി സി എച്ച് സുബൈര്‍, ഇസ്മായില്‍ തൈവളപ്പില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it