ernakulam local

പാലാരിവട്ടം, ഇടപ്പള്ളി ഫ്‌ളൈ ഓവറുകള്‍ അവസാന ഘട്ടത്തില്‍

കൊച്ചി: അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന പാലാരിവട്ടം, ഇടപ്പള്ളി ഫ്‌ളൈ ഓവറുകള്‍ ഈ മാസം 30നു ഗതാഗതത്തിനു തുറന്നു കൊടുത്തേക്കും. ഇതോടെ വൈറ്റില ബൈപാസിലെയും ഇടപ്പള്ളി ജങ്ഷനിലെയും ഗതാഗത കുരുക്കിന് പരിഹാരമാവും.
ഉദ്ഘാടനം സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും 30 ഓടെ ഫ്‌ളൈ ഓവറുകള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മഴ കനക്കുന്നതിനു മുന്‍പ് പണികള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് കരാറുകാര്‍.
പൊതുമരാമത്ത് വകുപ്പിന്റെ സ്പീഡ് കേരള പദ്ധതിയില്‍ പെടുത്തി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നത്. മെട്രൊ റെയ്ല്‍ നിര്‍മാണത്തിന്റെ ഭാഗമായി ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലാണ് ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. പാലാരിവട്ടം ഫ്‌ളൈ ഓവറിന്റെ 35 മീറ്റര്‍ നീളമുള്ള സെന്‍ട്രല്‍ സ്പാന്‍ ചൊവ്വാഴ്ച്ച രാത്രി കോണ്‍ക്രീറ്റ് ചെയ്തു.
35 മീറ്റര്‍ നീളമുള്ള ഒരു സ്പാനും 22 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളുമാണ് ഇനി കോണ്‍ക്രീറ്റ് ചെയ്യാന്‍ ബാക്കിയുള്ളത്. മഴ പ്രതികൂലമായില്ലെങ്കില്‍ 10 നു മുന്‍പ് കോണ്‍ക്രീറ്റിങ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഫ്‌ളൈ ഓവറുകളുടെ അപ്രോച്ച് റോഡുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. സ്പാനുകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയാല്‍ 30 ഓടെ ഫ്‌ളൈ ഓവര്‍ ഗതാഗത യോഗ്യമാവും. കൈവരികളുടെ ജോലിയും ഇലക്ട്രിക്ക് ജോലികളും പിന്നീട് പൂര്‍ത്തിയാക്കും. 72 കോടി രൂപയാണ് സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 620 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയാവുന്നതോടെ ഇടപ്പള്ളി വൈറ്റില ബൈപാസിലെ ഗതാഗത കുരുക്കിന് പരിഹാരമാവും.
140 കോടിയാണ് ഇടപ്പള്ളി ഫ്‌ളൈ ഓവറിനായി വകയിരുത്തിയിരിക്കുന്നത്. മെട്രൊ പാതയ്ക്ക് താഴെ റോഡിനു മുകളിലായി നിര്‍മിക്കുന്ന ഫ്‌ളൈ ഓവര്‍ നഗരത്തിന് രൂപ ഭംഗിയേവും. 400 മീറ്റര്‍ നീളത്തില്‍ നാലുവരിയായിട്ടാണ് ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ സമീപത്തു നിന്നും ലുലുമാള്‍ വരെ എത്തത്തക്ക വിധമാണ് ഫ്‌ളൈ ഓവര്‍. സെന്‍ട്രല്‍ സ്പാനുകളുടെ കോണ്‍ക്രീറ്റിങ് ജോലികളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
അപ്രോച്ച് റോഡുകളുടെ അവസാന പണികള്‍ പുരോഗമിക്കുകയാണ്. 10നു മുന്‍പ് കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു.
2014ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇരു ഫ്‌ളൈ ഓവറുകളുടെയും നിര്‍മാണത്തിന് തുടക്കമിട്ടത്. സര്‍ക്കാര്‍ കാലാവധി തീര്‍ക്കുന്നതിനു മുന്‍പ് പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം നീണ്ടു പോവുകയായിരുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
Next Story

RELATED STORIES

Share it