palakkad local

പാലക്കാട് - പൊള്ളാച്ചി പാത : റെയില്‍വേ അവഗണന തുടരുന്നു



കൊല്ലങ്കോട്: പാലക്കാട്‌പൊള്ളാച്ചി റെയില്‍പ്പാത വികസനം  പൂര്‍ത്തിയായി 18മാസം കഴിഞ്ഞിട്ടും ട്രെയിനുകള്‍ വേണ്ടത്ര ഓടിക്കാതെ  റെയില്‍വേ അവഗണന തുടരുന്നു. പാലക്കാട് പൊള്ളാച്ചി റെയില്‍പ്പാത മീറ്റര്‍ ഗേജ്,  ബ്രോഡ്‌ഗേജ് ആക്കിമാറ്റുന്നതിന്  പത്ത് കൊല്ലം  സര്‍വീസ് നിര്‍ത്തിവച്ചു. ഒരു ഘട്ടത്തില്‍ നഷ്ടത്തിന്റെ പേരില്‍ പാത ഉപേക്ഷിക്കാനുള്ള  ശ്രമം വരെ  ഉണ്ടായി. എന്നാല്‍  എം പിമാരായ പി കെ ബിജു, എം ബി രാജേഷ്  എന്നിവര്‍ ഇടപെട്ടതിനെ തുടര്‍ന്ന,് ഇഴഞ്ഞുനീങ്ങിയ വികസന പ്രവൃത്തി വേഗത്തിലായി. വേണ്ട മുന്നൊരുക്കമോ ആവശ്യത്തിന് ട്രെയിനുകളോ  അനുവദിക്കാതെയാണ് പാത കമീഷന്‍ ചെയ്തത്. ജില്ലയിലെ എംപിമാര്‍ പ്രസ്തുത പാതയില്‍  കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. മീറ്റര്‍ ഗേജ് ആയിരുന്നപ്പോള്‍ 12 ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു.  പാത വികസനത്തിനുശേഷം എട്ട് ട്രെയിന്‍ മാത്രമാണ് ഓടുന്നത്. കൂടാതെ  ഓഫിസ് സമയത്ത്  പാലക്കാട്ടേക്കും  പൊള്ളാച്ചിഭാഗത്തേക്കും നേരത്തെ ട്രെയിനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതുക്കിയ സര്‍വീസില്‍ ഓഫിസ് സമയങ്ങളില്‍  പാലക്കാട്ടേക്കോ പൊള്ളാച്ചിയിലേക്കോ സര്‍വീസ് ഇല്ല. പഴനി സര്‍വീസും സമയത്തിനില്ല.  അമൃത എക്‌സ്പ്രസിന്  പാലക്കാട് ടൗണ്‍ വരെ മാത്രമേ റിസര്‍വേഷന്‍ അനുവദിക്കുന്നുമുള്ളൂ. തിരുവനന്തപുരത്ത്  നിന്ന് വരുന്ന യാത്രക്കാര്‍  പൊള്ളാച്ചിയിലേക്ക് യാത്ര തുടരാന്‍ പാലക്കാട് ടൗണില്‍ നിന്ന് വീണ്ടും ടിക്കറ്റ് എടുക്കണം. അമൃത ട്രെയിനിന്റെ റിസര്‍വേഷന്‍ പൊള്ളാച്ചിവരെ  ആക്കിയാലേ  കൊല്ലങ്കോടുകാര്‍ക്ക് ഗുണം ലഭിക്കൂ. പുതിയ നാഗര്‍കോവില്‍, എറണാകുളം രാമേശ്വരം ട്രെയിനുകള്‍  പാലക്കാട് ടൌണില്‍ നിര്‍ത്തിയാല്‍ പിന്നെ പൊള്ളാച്ചിയിലാണ് സ്‌റ്റോപ്പുള്ളത്.  പുതുനഗരം, വടവന്നൂര്‍, ഊട്ടറ, മുതലമട, മീനാക്ഷീപുരം സ്‌റ്റേഷനുകളില്‍ ഒന്നും ഈ പ്രതിവാര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ല. നീണ്ട കാത്തിരിപ്പിനുശേഷം പാത വികസിച്ചെങ്കിലും കൊല്ലങ്കോട്ടുകാര്‍ക്ക്  അതിന്റെ ഗുണം  ലഭിക്കുന്നില്ല.  ജനപ്രതിനിധികളും സംഘടനകളും  നിരവധി പരാതി നല്‍കിയെങ്കിലും  റെയില്‍വേ മന്ത്രാലയം കേരളത്തോട് കാണിക്കുന്ന അവഗണന തുടരുകയാണ്.
Next Story

RELATED STORIES

Share it