palakkad local

പാലക്കാട് നഗരസഭയില്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ബിജെപിക്ക് നഷ്ടമായി

പാലക്കാട്: പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വീണ്ടും വിജയം കണ്ടു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ഇന്നലെ പാസായത്.
ഒരു ബിജെപി കൗണ്‍സിലരുടെ അഭാവത്തില്‍ രണ്ടിനെതിരേ അഞ്ച് വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസ്സായത്. എട്ടംഗ സ്ഥിരം സമിതിയില്‍ യുഡിഎഫിന് നാലും ബിജെപിക്ക് മൂന്നും സിപിഎമ്മിന് ഒരു അംഗമാണുള്ളത്. യുഡിഎഫിന് മുന്‍തൂക്കമുള്ള വിദ്യാഭ്യാസ സ്ഥിരംസമിതിയില്‍ അവിശ്വാസ പ്രമേയം പാസാകുമെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു. സിപിഎം പിന്തുണച്ചതോടെ അഞ്ചു വോട്ടുകള്‍ നേടിയാണ് പ്രമേയം പാസായത്. അതേ സമയം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുതിര്‍ന്ന കൗണ്‍സിലറുമായ എന്‍ ശിവരാജന്‍  വോട്ടെടുപ്പിന് പങ്കെടുക്കാത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
ഭരണ സമിതിക്കകത്തെ പ്രശ്‌നങ്ങളുടെ ഭാഗമായിട്ടാണോ മുതിര്‍ന്ന അംഗവും സംസ്ഥാന സഹഭാരവാഹിയുമായ എന്‍ ശിവരാജന്‍  വിട്ടുനിന്നതെന്ന് അറിവായിട്ടില്ല. നേരത്തെ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷക്കെതിരേ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് സ്വതന്ത്ര അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന വികസനകാര്യ, ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനങ്ങളിലെ അവിശ്വാസ പ്രമേയത്തില്‍ സിപിഎം പിന്തുണ യുഡിഎഫിന് ലഭിച്ചതോടെ ബിജെപിക്ക് സ്ഥാനങ്ങള്‍ നഷ്ടമായി. നഗരസഭയില്‍ ആറ് സ്ഥിരം സമിതികളാണുള്ളത്. ഇതില്‍ വൈസ് ചെയര്‍മാന്‍ അധ്യക്ഷനായ ധനകാര്യം ഒഴികെയുള്ളവര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരരുന്നു. ഇനി നഗരസഭാ അധ്യക്ഷക്കെതിരേയും വൈസ് ചെയര്‍മാനെതിരെയും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് യൂഡിഎഫ്. ഇന്നലെ ഉച്ചക്കുശേഷം നടന്ന അവിശ്വാസ നോട്ടീസിലെ ചര്‍ച്ചകള്‍ ക്കുശേഷമാണ് വോട്ടെടുപ്പ് നടന്നത്.
Next Story

RELATED STORIES

Share it