Pathanamthitta local

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കണം: മന്ത്രി

റാന്നി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. റാന്നി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി.
അനാദായകരമായ സ്‌കൂളുകള്‍ നിലനിര്‍ത്തുന്നത് എന്തിനാണെന്ന ചോദ്യം പല കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. അനാദായകരമായ സ്‌കൂളുകള്‍ പൂട്ടിയാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുക സമൂഹത്തിലെ പാവപ്പെട്ടവരായിരിക്കും. ഇത് അനുവദിക്കാന്‍ കഴിയില്ല. നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ പോരായ്മകളുണ്ട്.
ഇത് പരിഹരിച്ച് മുന്നോട്ടുപോകുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ു. പൊതുവിദ്യാലയങ്ങളുടെ നവീകരണത്തില്‍ പൂര്‍വവിദ്യാര്‍ഥികളുടെ പങ്ക് ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിലും പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ ഏറെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ബൃഹത്തായ പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിവരികയാണ്. 45000 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുവാന്‍ തീരുമാനിച്ചതിലൂടെ 7000 കോടിയോളം രൂപയാണ് സര്‍ക്കാരിന് ചെലവ് വരുക.
എന്നാല്‍ ഭാവി തലമുറയെ വാ ര്‍ത്തെടുക്കുന്നതിനുവേണ്ടി ചെലവഴിക്കുന്ന ഈ തുക ഒരിക്കലും പാഴാകില്ല എന്ന ഉത്തമബോധ്യം  സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. 125 വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്‌കൂളിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രായമേറിയ പൂര്‍വവിദ്യാര്‍ഥികളായ തുണ്ടിയില്‍ റ്റി സി മാത്യു, ലക്ഷ്മിക്കുട്ടിയമ്മ, ജെ ഗോപാലകൃഷ്ണന്‍ എന്നിവരെ മന്ത്രി ആദരിച്ചു. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it