പാര്‍ട്ടികളറിയുന്നില്ല അണികളുടെ സങ്കടം

പാര്‍ട്ടികളറിയുന്നില്ല അണികളുടെ സങ്കടം
X
idukki copy

സി എ സജീവന്‍

തൊടുപുഴ: പാര്‍ട്ടികളറിയുന്നില്ല അണികളുടെ സങ്കടങ്ങള്‍. ഇടുക്കിയിലെയും തൊടുപുഴയിലെയും ഒരു വിഭാഗം കേരളാ കോണ്‍ഗ്രസ്സുകാരുടെയും തൊടുപുഴയിലെ സിപിഎമ്മുകാരുടെയും ധര്‍മസങ്കടം ഏത് ദാര്‍ശനിക വ്യാഖ്യാനത്തിനും അപ്പുറമാണ്.
തൊടുപുഴയിലെ സിപിഎമ്മുകാരുടെ രാഷ്ട്രീയ വ്യഥയുടെ ചുരുളഴിയുന്നില്ല. പാര്‍ട്ടിയോട് ഒരു വിധത്തിലും പൊരുത്തപ്പെടാത്ത ഒരാളാണ് ഇവിടെ സ്ഥാനാര്‍ഥി. പ്രഖ്യാപനത്തിന്റെ അവസാന നിമിഷംവരെ ഇതിനെതിരേ പാര്‍ട്ടിക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും പൊരുതിനോക്കി. ഫലമുണ്ടായില്ല. ഇപ്പോള്‍ മനസ്സില്ലാമനസ്സോടെ അവരും ഒപ്പമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുണ്ടാവുന്ന പൊല്ലാപ്പുകളോര്‍ത്ത് പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ ഉറക്കംകെടുകയാണ്. പാര്‍ട്ടിക്ക് സാധാരണ ലഭിക്കാറുള്ള വോട്ടുകള്‍ ഈ സ്ഥാനാര്‍ഥിയുടെ പെട്ടിയിലും വീണില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ആലപ്പുഴയിലെ ടി ജെ ആഞ്ചലോസിന്റെ ജീവിതം സാക്ഷി. ഔദ്യോഗിക പക്ഷത്തിനെതിരേ മല്‍സരിച്ചു ജയിച്ചയാളാണ് ഇവിടെ ഏരിയാസെക്രട്ടറി. പാര്‍ട്ടിക്കാര്‍ ആഗ്രഹിച്ച മാറ്റംതന്നെയാണ് ഏരിയാസമ്മേളനത്തില്‍ സംഭവിച്ചത്. ദോഷം പറയരുതല്ലോ; ഇദ്ദേഹം വന്നതിന്റെ ഗുണം തദ്ദേശ തിരഞ്ഞെടുപ്പിലും മറ്റും ഇവിടെ പാര്‍ട്ടിക്കുണ്ടായെന്ന് കണ്ടതോടെ സമ്മേളനത്തിലെ അച്ചടക്കലംഘന ശിക്ഷ പാര്‍ട്ടികോടതി അവധിക്കു വയ്ക്കുകയായിരുന്നു. അതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് കടന്നുവന്നത്.
സുസമ്മതനായ ഒരു സ്വതന്ത്രന്‍ അതല്ലെങ്കില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സഖാവ്. ഇതായിരുന്നു തൊടുപുഴ റേഞ്ചിലെ പാര്‍ട്ടി ഘടകങ്ങളുടെയെല്ലാം പൊതുവികാരം. എന്നാല്‍, ഇടിത്തീ പോലെയാണ് ജില്ലാനേതൃത്വം ഒരു സ്ഥാനാര്‍ഥിയെ നൂലില്‍ക്കെട്ടിയിറക്കിയത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും അനുഭാവികളും എതിര്‍പ്പ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നിട്ടും ജില്ലാ നേതൃത്വത്തിന്റെ കടുംപിടിത്തം ഫലംകണ്ടു. തുടക്കത്തില്‍ പാര്‍ട്ടിക്കാരെ ആരെയും സ്ഥാനാര്‍ഥിക്കൊപ്പം കണ്ടില്ല. പിന്നെ തിരഞ്ഞെടുപ്പല്ലേ ഇറങ്ങാതെ പറ്റില്ലല്ലോ. ഇപ്പോഴും ഇവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുഖത്തുണ്ട് ആ സങ്കടം.
ഇനി കേരളാ കോണ്‍ഗ്രസ്സുകാരുടെ മനക്ലേശത്തിലേക്ക്... ജോസഫ്-മാണി കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഒന്നായിട്ടും രണ്ടായിട്ടായിരുന്നു വീട്ടില്‍ വെപ്പുംകുടിയും. പരസ്പരം കണ്ടാല്‍പ്പോലും ചിരിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു ആത്മബന്ധം. അങ്ങനെയിരിക്കെ സഹിച്ചുമടുത്ത് കേരളാ കോണ്‍ഗ്രസ്സുകാരുടെ പ്രിയങ്കരനായ രാജുച്ചേട്ടന്‍ എന്ന ഫ്രാന്‍സിസ് പക്ഷി കൂടുവിട്ട് പുറത്തേക്കു പറന്നു. പക്ഷേ, അപ്പോഴും പാര്‍ട്ടിയുടെ ജോസഫെന്ന ആദരണീയ നേതാവ് ഇനി ഒന്നിനും വയ്യെന്നു പറഞ്ഞ് മാണിത്തള്ളയുടെ ചിറകിനടിയില്‍ത്തന്നെ കൂടി. അദ്ദേഹത്തെ വേര്‍പിരിയാനോ ഫ്രാന്‍സിസിനൊപ്പം പോവാനോ ആവാതെ പ്രവര്‍ത്തകര്‍ ധര്‍മ്മസങ്കടത്തില്‍. തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ സ്ഥാനാര്‍ഥിയായി. എതിരാളി സാക്ഷാല്‍ മാണി കേരളാ കോണ്‍ഗ്രസ്സിന്റെ റോഷി അഗസ്റ്റിന്‍. ജോസഫ് വിഭാഗത്തിന് പണ്ടേ കണ്ടുകൂടാത്തയാള്‍. എന്നാലും എതിരാളിയല്ലേ മുന്നണിയല്ലേ പാര്‍ട്ടിയല്ലേ ഫ്രാന്‍സിസ് ജോര്‍ജിനെതിരേ പേരിനെങ്കിലും പ്രവര്‍ത്തിക്കാതെ പറ്റില്ലല്ലോ. ഇടുക്കിയില്‍ പോയും വന്നും മുങ്ങിയും ജോസഫ് വിഭാഗത്തിന്റെ ജീവിതം. ഇതിനിടെ മെല്ലെപ്പോക്ക് ശ്രദ്ധയില്‍പ്പെട്ട മാണിക്കാര്‍ മുറുമുറുപ്പു തുടങ്ങി. തൊടുപുഴയിലെ പാലം അവര്‍ വലിച്ചാലോയെന്ന പേടി വേറെയും.
Next Story

RELATED STORIES

Share it