Alappuzha local

പാരാപ്ലീജിയ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്നു കുടുംബസംഗമം

ആലപ്പുഴ: ഭിന്നശേഷിക്കാരായ 23 കുട്ടികളെ മാജിക് പഠിപ്പിക്കുകയും അവര്‍ വിജയകരമായി അവതരിപ്പിക്കുന്നതു കാണുകയും ചെയ്തതാണ് ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ മാജിക്കെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. താങ്കള്‍ കണ്ട ഏറ്റവും വലിയ മാജിക്ക് ഏതെന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ചോദ്യത്തിന്് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. കേരള സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അനുയാത്രാ പദ്ധതിയുടെ ഭാഗമായി  ആലപ്പുഴ ഗവ. റ്റിഡി മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാലയിലാണ് മുതുകാട് താന്‍ കണ്ട ഏറ്റവും വലിയ മാജിക്കിനെക്കുറിച്ച് പറഞ്ഞത്. നട്ടെല്ലുകള്‍ക്കുണ്ടാവുന്ന ആഘാതം മൂലം അരക്കെട്ടിനു താഴേക്ക് തളര്‍വാതം ബാധിക്കുന്ന പാരാപ്ലീജിയ രോഗികളുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. പാരാപ്ലീജിയ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാജിക്കിന്റെ രഹസ്യങ്ങള്‍ പറഞ്ഞുകൊടുത്തും മാജിക് അനുഭവവേദ്യമാക്കിയും മുതുകാട് വേദിയെ കൈയിലെടുത്തു. തുടര്‍ന്ന് അനുയാത്രകാംപയിനിന്റെ അംബാസിഡര്‍മാരായ, മാജിക് പരിശീലനം നേടിയ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാജിക് ഷോ 'എംപവര്‍' അരങ്ങേറി. ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ അരങ്ങേറിയ മാജിക് കാണികളെ അമ്പരപ്പിച്ചു. നിറഞ്ഞ കൈയടികളോടെയാണ് വേദി എംപവറിനെ നെഞ്ചേറ്റിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി സമ്മേളനം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം പുഷ്പലത അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി മുഹമ്മദ് അഷീല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, ഡോ. അബ്ദുല്‍ സലാം, ഷഫീഖ്, ശുഭ ഉത്തമന്‍, പി രാജന്‍, എസ് സായൂജ്, ഷിഫ, അലി, രാധിക സംസാരിച്ചു. സാന്ത്വനപരിചരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച എഡ്‌വിന ലിയോണ്‍സ്, ശുഭ, മുഹമ്മദ് റമീസ്, ഷിഫാന എന്നിവരെ ആദരിച്ചു.
Next Story

RELATED STORIES

Share it